ഫോമില്ലാത്തതിനാൽ ടീമിൽ നിന്നും പുറത്തേക്ക് വഴി തുറന്ന ശ്രേയസ് അയ്യർ രഞ്ജി ട്രോഫി കളിക്കാത്തതിൽ നിഗൂഢത. ദേശീയ ക്രിക്കറ്റ് അക്കാഡമി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടും ഇന്ത്യൻ ക്രിക്കറ്റർ ശ്രേയസ് അയ്യർ മുംബൈക്കായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ കളിക്കാൻ തയ്യാറായിട്ടില്ല. തുടർന്ന് താരം കടുത്ത നടപിടി നേരിടേണ്ടി വരുമെന്നാണ് സൂചന.
നടുവേദന ചൂണ്ടിക്കാട്ടിയാണ് മുംബൈയുടെ മത്സരത്തിൽ നിന്ന് ശ്രേയസ് വിട്ടുനിൽക്കുന്നത്.എന്നാൽ, എൻസിഎ അധികൃതരുടെ റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തെത്തിയതും.
ദേശീയ ഡ്യൂട്ടിയോ പരിക്കോ അല്ലെങ്കിൽ താരങ്ങൾ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ കർശന നിർദേശമാണ് ശ്രേയസ് അയ്യർ ലംഘിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം ശ്രേയസ് അയ്യർ സ്ക്വാഡിൽ നിന്ന് മടങ്ങിയിരുന്നു.
പരിക്ക് കാരണമാണ് ശ്രേയസ് ടീം വിട്ടത് എന്നും ഫോമില്ലാത്ത താരത്തെ സീനിയർ സെലക്ഷൻ കമ്മിറ്റി പുറത്താക്കിയതാണ് എന്നും റിപ്പോർട്ടുകളുണ്ട്. നടുവേദനയെന്ന് താരം പറയുമ്പോഴും ശ്രേയസിന് പരിക്കൊന്നും ഇല്ല എന്നും സെലക്ഷന് ലഭ്യമാണ് എന്നുമാണ് എൻസിഎ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്.
ഫോമില്ലാത്തതിനാൽ അയ്യർ മനപ്പൂർവം രഞ്ജി ട്രോഫി കളിക്കാതിരിക്കുകയാണോ എന്നാണ് മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഇന്ത്യൻ ടീമിനൊപ്പം ചേരുകയോ ജാർഖണ്ഡിനായി രഞ്ജി ട്രോഫി കളിക്കുകയോ ചെയ്തിരുന്നില്ല. ഇതിൽ ബിസിസിഐയ്ക്ക് കടുത്ത എതിർപ്പുള്ള സാഹചര്യത്തിലാണ് ശ്രേയസിന്റെയും മനംമാറ്റം.
രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങുന്ന താരങ്ങൾ കടുത്ത നടപടി നേരിടേണ്ടിവരും എന്ന് ബിസിസിഐ രേഖാമൂലം താരങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വർഷം മാർച്ചിൽ താരം നടുവേദനയ്ക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ഐപിഎൽ 2023 ഉം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും താരത്തിന് നഷ്ടമായിരുന്നു.
Discussion about this post