രാജ്‌കോട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം. 434 റൺസിനാണ് ഒരു ദിവസം ബാക്കി നിൽക്കെ ഇന്ത്യ വിജയം നേടിയത്. ഇതോടെ പരമ്പര 2-1 എന്ന നിലയിലാണ്. രണ്ടാമത്തെ ഇന്നിംഗ്‌സിൽ 557 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന് 122 റൺസ് മാത്രമാണെടുക്കാനായത്. ആദ്യ ടെസ്റ്റിലുൾപ്പടെ തകർത്തടിച്ച പേരെടുത്ത ഇംഗ്ലീഷ് താരങ്ങളെല്ലാം പരാജയപ്പെടുന്നതാണ് രാജ്‌കോട്ടിൽ കാണാനായത്.
ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെയാണ് ഇംഗ്ലണ്ടിന്റെ പരാജയം. നാലം ദിനത്തിൽ രണ്ടാം ഇന്നിങ്‌സ് 98 ഓവറിൽ നാലിന് 430 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 231 പന്തുകളിൽ നിന്ന് ജയ്‌സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കി. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ്‌സ്വാൾ അടിച്ചെടുത്തത്.
ജയ്‌സ്വാളും (236 പന്തിൽ 214), സർഫറാസ് ഖാനും (72 പന്തിൽ 68) പുറത്താകാതെനിന്നു. പരുക്കിനെ തുടർന്ന് മൂന്നാം ദിവസം റിട്ടയേഡ് ഹർട്ടായി ബാറ്റിങ് അവസാനിപ്പിച്ച ജയ്‌സ്വാൾ ഞായറാഴ്ച വീണ്ടും ക്രീസിലെത്തി. ശുഭ്മൻ ഗില്ലിന് സെഞ്ചറി നേടാനാകാതെ പോയത് മാത്രമാണ് നാലാം ദിനത്തിൽ ഇന്ത്യയ്ക്ക് നിരാശയായത്. 91 റൺസിൽ നിൽക്കെ ഗിൽ റൺഔട്ടാകുകയായിരുന്നു.
നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുൽദീപ് യാദവ് ഞായറാഴ്ച 91 പന്തിൽ 27 റൺസെടുത്ത് കുൽദീപ് റെഹാൻ അഹമ്മദിന്റെ പന്തിൽ ഔട്ടാകുകയായിരുന്നു. പിന്നാലെയെത്തിയ ജയ്‌സ്വാളും സർഫ്രാസും തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ 400 പിന്നിട്ടു. 556 റൺസിൻരെ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ തുറന്നിട്ടത്.
Discussion about this post