സിഡ്‌നി: രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ഡബ്ബിൾസിൽ കിരീടം ചൂടി രോഹൻ ബൊപ്പണ്ണയുടെ സഖ്യം. പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-മാത്യു എബ്ദെൻ സഖ്യം സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ സഖ്യമായ സിമോൺ ബൊലേലി-ആൻഡ്രി വവാസൊറിയെ ( 76(0), 75 ) നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്.
യുഎസ് ഓപ്പണിൽ പുരുഷ ഡബിൾസിൽ രണ്ട് തവണ റണ്ണറപ്പായ ബൊപ്പണ്ണയുടെ കന്നി ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടമാണിത്. 2017ൽ ഫ്രഞ്ച് ഓപൺ മിക്‌സഡ് ഡബിൾസിൽ നേടിയ കിരീടമാണ് താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം.
43 വയസും 329 ദിവസവും പ്രായമുള്ള ബൊപ്പണ്ണ ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. 40 വയസും 284 ദിവസവും പ്രായമുള്ള ജീൻ ജൂലിയൻ റോജറായിരുന്നു ഈ റെക്കോർഡിന് ഉടമ. അന്ന് 2022 റോളണ്ട് ഗാരോസ് പുരുഷ ഡബിൾസ് കിരീടം മാർസെലോ അരെവാലോയ്ക്കൊപ്പം നേടിയായിരുന്നു താരം റെക്കോർഡ് സ്ഥാപിച്ചത്.
അതേസമയം, ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ബൊപ്പണ്ണ, ലിയാണ്ടർ പെയ്‌സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരാണ് മറ്റ് കിരീട നേട്ടക്കാർ.
പുരുഷ ഡബിൾസിൽ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡിലേക്ക് എത്തിയതിന് പിന്നാലെയാണ് ബൊപ്പണ്ണയുടെ കിരീട നേട്ടവും. മിക്‌സഡ് ഡബിൾസിൽ ഏഷ്യൻ ഗെയിംസിലും ബൊപ്പണ്ണ സഖ്യം സ്വർണം നേടിയിരുന്നു.
20 വർഷം മുമ്പായിരുന്നു താരത്തിന്റെ ടെന്നിസ് കോർട്ട് അരങ്ങേറ്റം. മാത്യു എബ്ദേനോപ്പം കഴിഞ്ഞ യുഎസ് ഓപൺ ഫൈനലിലെത്തിയതോടെ റാങ്കിങ്ങിൽ കുതിപ്പുണ്ടായിരുന്നു. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങിൽ മാത്യു എബ്ദേൻ രണ്ടാം റാങ്കിലുമെത്തും.