മലപ്പുറം: അർജന്റീനയെ ലോകകിരീടം ചൂടിച്ച ടീം മലപ്പുറത്തെ മണ്ണിൽ പന്തു തട്ടാൻ എത്തുന്നു. അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിന്റെ കേരളത്തിലെ സന്നാഹമത്സരം 2025 ഒക്ടോബർ 25-ന് തുടങ്ങാൻ ധാരണയായി. ടീം മൂന്നുമത്സരങ്ങളാകും കേരളത്തിൽ കളിക്കുക. എതിരാളികളായ ടീമുകളെ തീരുമാനിച്ചിട്ടില്ല.
അതേസമയം, ലോകകപ്പ് ജയിച്ച അർജന്റീന ടീമിനെത്തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് വിവരം. ഖത്തർ ലോകകപ്പിൽ മത്സരിച്ച ടീമുകളെത്തന്നെ സൗഹൃദമത്സരത്തിനായി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.
മൂന്ന് മത്സരങ്ങളും മലപ്പുറം മഞ്ചേരി പയ്യനാട്ട് സംസ്ഥാന സർക്കാർ പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലായിരിക്കും. ഈ സ്റ്റേഡിയം ഒരു വർഷം കൊണ്ട് നിർ്മ്മാണം പൂർത്തിയാക്കുമെന്നാണ് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്‌മാൻ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന് സാമ്പത്തികബാധ്യത ഉണ്ടാകാതിരിക്കാൻ സ്‌പോൺസർഷിപ്പിലൂടെയും മറ്റുമാകും മത്സരം സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞത് 100 കോടി രൂപയോളം ചെലവുവരുമെന്നാണ് കണക്കുകൂട്ടൽ.
ALSO READ- സ്‌കൂള്‍ വിട്ട് വരികയായിരുന്ന 14കാരിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, 23കാരന്‍ അറസ്റ്റില്‍
ഈ തുക ടെലിവിഷൻ സംപ്രേഷണാവകാശത്തിലൂടെയും സ്‌പോൺസർഷിപ്പിലൂടെയും തുക കണ്ടെത്തും. ഒപ്പം ടിക്കറ്റ് വിൽപ്പനയിലൂടെയും പ്രാദേശിക സ്‌പോൺസർഷിപ്പിലൂടെയും ഫണ്ട് കണ്ടെത്തും. മത്സരത്തിന്റെ നടത്തിപ്പിനായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികളുമായി തുടർചർച്ച നടത്തി വരികയാണ്.