കേപ്ടൗൺ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ ടൂറിലെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സമനിലയിൽ കലാശിച്ചു. ഒന്നാം ടെസ്റ്റിൽ നാണക്കേടായ തോൽവി വഴങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിൽ അനായാസ വിജയം നേടി. രണ്ടാം ടെസ്റ്റിൽ 79 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങി ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്.
ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ അതിവേഗത്തിൽ ബാറ്റ് വീശിയാണ് ഇന്ത്യ വിജയലക്ഷ്യത്തിലെത്തിയത്. 23 പന്തിൽ ആറ് ഫോറടക്കം 28 റൺസ് അടിച്ച ജയ്‌സ്വാളിനെ ബർഗർ മടക്കിയതോടെയാണ് റൺസ് ഒഴുക്ക് കുറഞ്ഞത്. പിന്നാലെ ശുഭ്മൻ ഗില്ലിന്റെ (11 പന്തിൽ 10) സ്റ്റമ്പ് വീഴ്ത്തി കഗിസൊ റബാദ തിരിച്ചയച്ചു. പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ചേർന്ന് വിജയത്തിലേക്ക് ബാറ്റ് വീസുന്നതിനിടെ വിജയലക്ഷ്യത്തിലേക്ക് നാല് റൺ ശേഷിക്കെ കോഹ്‌ലിയുടെ വിക്കറ്റ് മാർകോ യാൻസെൻ പിഴുതു.
11 പന്തിൽ 12 റൺസെടുത്താണ് കോഹ്ലിയുടെ മടക്കം. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നതോടെ വെറും 12 ഓവറിൽ മത്സരം അവസാനിച്ചു. ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് ഇന്ത്യയുടെ വിജത്തിന് അടിത്തറ പാകിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ദിനത്തിൽ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 55 റൺസിന് ഓൾ ഔട്ട് ആയിരുന്നു. ഇന്ത്യയുടെ ബാറ്റിംഗ് 153 റൺസിലും അവസാനിച്ചിരുന്നു. മത്സരത്തിന്റെ ആദ്യദിനത്തിൽ മാത്രം 23 വിക്കറ്റ് വീണതും ശ്രദ്ധേയമായിരുന്നു. മാർക്രത്തിന്റെ 106 റൺസിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്ക 173 റൺസാണ് രണ്ടാം ഇന്നിംഗ്‌സിൽ നേടിയത്.
മത്സരത്തിൽ സിറാജ് പ്ലേയർ ഓഫ് ദ മാച്ചും. ജസ്പ്രിത് ബുംറയും ഡീൻ എൽഗറും മാൻ ഓഫ് ദ് ടൂർണമെന്റ് പുരസ്‌കാരവും പങ്കിട്ടു.
Discussion about this post