ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് സീരീസ് ആരംഭിക്കാനിരിക്കെ വിക്കറ്റ് കീപ്പർ- ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ പിന്മാറിയിരുന്നു. പകരം താരമായ കെഎസ് ഭരതിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാൽ ഇഷാൻ നാട്ടിലേക്ക് തിരിക്കുന്നു എന്നായിരുന്നു ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നത്.
എന്നാൽ, ഇഷാൻ കിഷൻ ടീം വിടാനുള്ള കാരണം ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. മാനസികമായി തളർന്നതു കൊണ്ട് അൽപകാലത്തേക്ക് വിശ്രമിക്കാനായാണ് ഇഷാന്റെ മടക്കം എന്നാണ് റിപ്പോർട്ട്. ഒരു വർഷത്തോളമായി ടീം ഇന്ത്യയ്‌ക്കൊപ്പം നിരന്തരം യാത്ര ചെയ്യുകയാണ് ഇഷാൻ കിഷൻ. ലോകകപ്പ് സ്‌ക്വാഡിൽ അടക്കം ഉണ്ടായിരുന്ന ഇഷാൻ കിഷന് പക്ഷെ കളിക്കാനുള്ള അവസരങ്ങൾ നന്നേ കുറവാണ് ലഭിച്ചത്.
ഇതോടെ, ടീമിനൊപ്പം ഒരു വർഷത്തോളമുള്ള നിരന്തരമായ യാത്രകളും ഇടയ്ക്കിടെ മാത്രം ലഭിക്കുന്ന അവസരവും കടുത്ത മാനസിക സമ്മർദം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഇഷാൻ വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റിനോട് അഭ്യർഥിക്കുകയായിരുന്നു. തുടർന്നാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് പിന്മാറുകയാണെന്ന് താരം ബിസിസിഐയെ അറിയിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
വിവിധ പരമ്പരകളിൽ ടീമിനൊപ്പം ഉണ്ടെങ്കിലും ഇഷാന് സ്ഥിരം താരങ്ങൾ ലഭ്യമല്ലാതിരിക്കുമ്പോൾ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചിരുന്നത്. ഈ അധ്വാനവും അവസരങ്ങളിലെ അനിശ്ചിതത്വവും മാനസികമായി ക്ഷീണിപ്പിക്കുന്നുണ്ടെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി നിർത്താതെ യാത്ര ചെയ്യുന്ന തനിക്ക് വിശ്രമം അനുവദിക്കണമെന്ന് കിഷൻ കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണാഫ്രിക്കയിൽവെച്ച് ടീം മാനേജ്‌മെന്റിനോട് അഭ്യർഥിച്ചതെന്നാണ് റിപ്പോർട്ട്.
തുടർന്ന് താരത്തിന്റെ ആവശ്യം അംഗീകരിച്ച ടീം മാനേജ്‌മെന്റ് സെലക്ടർമാരുമായി സംസാരിക്കുകയും വിശ്രമം അനുവദിക്കുകയുമായിരുന്നു.