രാജ്യത്തെ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ഹൃദയം തകർത്ത ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഏറ്റ തോൽവിക്ക് പിന്നാലെ ആദ്യമായി മനസുതുറന്ന് രോഹിത് ശർമ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ഫൈനൽ തോൽവിയെ കുറിച്ചും തന്നെ അത് മാനസികമായി തളർത്തിയതിനെ കുറിച്ചും സംസാരിക്കുന്നത്.
തനിക്ക് തോൽവി നൽകിയ ഷോക്കിൽ നിന്ന് തിരിച്ചുവരാൻ സമയമെടുത്തെന്നും അതുകൊണ്ടാണ് ഒരു ഇടവേളയെടുക്കാനും യാത്ര നടത്താനും താത്പര്യം തോന്നിയതെന്നും രോഹിത് വെളിപ്പെടുത്തുന്നുണ്ട്. തനിക്ക് ആദ്യ കുറച്ചുദിവസങ്ങളിൽ ഇതിൽ നിന്ന് എങ്ങനെ തിരിച്ചുവരണമെന്ന് അറിയില്ലായിരുന്നു. കുടുംബം, സുഹൃത്തുക്കൾ എന്നിവരെല്ലാമാണ് തന്നെ തിരിച്ചുവരാൻ സഹായിച്ചതെന്നും രോഹിത് പറയുന്നു. തനിക്ക് സംഭവിക്കുന്ന കാര്യങ്ങളെ അവർ ലളിതമാക്കി. അത് ഏറെ സഹായകരമായെങ്കിലും എന്നാൽ ആ തോൽവി അംഗീകരിക്കുക എന്നത് എളുപ്പമായിരുന്നില്ല എന്നാണ് നായകൻ പറയുന്നത്.
തോൽവിക്ക് ശേഷവും മുന്നോട്ടൊരു ജീവിതമുണ്ട്, നിങ്ങൾ ആരാധകരും മുന്നോട്ടുപോകണം. എങ്കിലും, സത്യസന്ധമായി പറയുകയാണെങ്കിൽ തനിക്ക് അത് പ്രയാസമായിരുന്നു. 50 ഓവർ ലോകകപ്പ് കണ്ടാണ് താൻ വളർന്നതെന്നും തന്നെ സംബന്ധിച്ച് ഏറ്റവും വലിയ സമ്മാനം അതായിരുന്നെന്നും രോഹിത് പറയുകയാണ്.
𝗛𝗘𝗔𝗟𝗜𝗡𝗚 🟩🟩🟩⬜️❤️🩹
🎥: IG/@team45ro#OneFamily #MumbaiIndians #MumbaiMeriJaan @ImRo45 pic.twitter.com/HAQpGrV9bf
— Mumbai Indians (@mipaltan) December 13, 2023
തനിക്ക് തന്റെ ടീമിനെ കുറിച്ചോർത്ത് അഭിമാനം മാത്രമാണെന്നും വിജയിക്കാനാവശ്യമായതെല്ലാം ചെയ്തുവെന്നും രോഹിത് പറയുന്നുണ്ട്. ന്യൂസീലൻഡിനോടടക്കം 10 മത്സരങ്ങളും ജയിച്ചിരുന്നു. എന്നാൽ ആ മത്സരങ്ങളിലെല്ലാം പിഴവുകൾ പറ്റിയെന്നും അത് സ്വാഭാവികമായും എല്ലാ മത്സരങ്ങളും സംഭവിക്കാറുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം തികഞ്ഞ ഒരു മത്സരം ഉണ്ടാകില്ലെന്നും രോഹിത് വിശദീകരിച്ചു.
ലോകകപ്പിന് ശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിശ്ചിത ഓവർ പരമ്പരയിലും രോഹിത് കളിക്കുന്നില്ല.