ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടക്കും

ഇതുവരെയായി രണ്ടു തവണയാണ് ഐ.പി.എല്‍ ഇന്ത്യക്ക് പുറത്ത് വെച്ച് നടത്തിയിട്ടുള്ളത്

ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബി.സി.സി.ഐ അറിയിച്ചു. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുറത്ത് വെച്ച് നടത്തേണ്ടി വരുമെന്ന അഭ്യൂഹങ്ങളെ തള്ളി കൊണ്ടാണ് സുപ്രീകോടതി നിയമിച്ച രണ്ടംഗ സമിതി തീരുമാനം വ്യക്തമാക്കിയത്.

മാര്‍ച്ച് 23 മുതല്‍ മത്സരങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പൂര്‍ണ്ണമായ ഷെഡ്യൂള്‍ വിശദമായ ചര്‍ച്ചക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് കമ്മിറ്റി അംഗങ്ങളായ വിനോദ് റായ്, ഡയാന എടുല്‍ജി എന്നിവര്‍ അറിയിച്ചു. ലോകത്തെ തന്നെ ജനപ്രിയ ടൂര്‍ണമെന്റായ ഐ.പി.എല്ലിന്റെ 12ാമത് ഏഡിഷന്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. സാധാരണയായി ഏപ്രില്‍ പകുതി മുതല്‍ ആരംഭിക്കുന്ന ഐ.പി.എല്‍, മെയ് 30 മുതല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് പ്രമാണിച്ച് നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇതുവരെയായി രണ്ടു തവണയാണ് ഐ.പി.എല്‍ ഇന്ത്യക്ക് പുറത്ത് വെച്ച് നടത്തിയിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 2009ലെ മുഴുവന്‍ മത്സരങ്ങളും ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടത്തയിപ്പോള്‍, 2014ലെ ചില മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുകയായിരുന്നു.

Exit mobile version