മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരുമെന്ന് അറിയിച്ച് ബിസിസിഐ. ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ കരാർ നീട്ടി നൽകി. 2023 ലോകകപ്പോടെ ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തുള്ള ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. ഇതോടെ ഐപിഎൽ ടീമുകളടക്കം ദ്രാവിഡിനെ ക്ഷണിച്ചതായി സൂചനയുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ബിസിസിഐ കരാർ നീട്ടി നൽകിയതായി ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നത്. കരാർ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനമായിരിക്കും.
ഓസ്ട്രേലിയയുമായുള്ള ട്വന്റി-20 പരമ്പരയിൽ ഇന്ത്യയുടെ ടീമിനെ പരിശീലിപ്പിക്കുന്നത് വിവിഎസ് ലക്ഷ്മണാണ്. അതേസമയം, പുതിയ കരാറിൽ ദ്രാവിഡിന്റെ കാലാവധി ബിസിസിഐ പരാമർശിച്ചിട്ടില്ല. 2024 ജൂണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വരെയാകും അദ്ദേഹം തുടരുകയെന്നാണ് സൂചന.
ബിസിസിഐ പുറത്തുവിട്ട പ്രസ്താവനയിൽ ദ്രാവിഡിന്റെ പരിശീലകനായുള്ള പ്രകടനത്തെ വാഴ്ത്തുന്നുണ്ട്. ഇന്ത്യൻ ടീമിനെ വാർത്തെടുക്കുന്നതിൽ ദ്രാവിഡിന്റെ പ്രധാന പങ്ക് ബോർഡ് അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അസാധാരണമായ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞു.
എൻസിഎയുടെ തലവനായും സ്റ്റാൻഡ്-ഇൻ ഹെഡ് കോച്ചായും മാതൃകാപരമായ റോളുകൾ വഹിച്ചതിന് വിവിഎസ് ലക്ഷ്മണനെയും ബിസിസിഐ അഭിനന്ദിച്ചു.