വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ നായകനായി എത്തിയ സൂര്യകുമാർ യാദവിന് തുടക്കത്തിൽ തന്നെ അപമാനം. ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ വാർത്താസമ്മേളനമാണ് താരത്തിന് തന്നെ അപമാനമായി മാറിയത്.
ഈ വാർത്താ സമ്മേളനത്തിന് എത്തിയത് രണ്ടേ രണ്ട് മാധ്യമപ്രവർത്തകർ മാത്രമായിരുന്നു. വ്യാഴാഴ്ച ആദ്യ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിന് എത്തിയ സൂര്യകുമാർ ആകെ രണ്ടുപേരെയുള്ളോ എന്ന് ചോദിച്ച് അമ്പരപ്പ് പങ്കുവെയ്ക്കുകയും ചെയ്തു.
ആകെ നാല് മിനിറ്റ് മാത്രമാണ് വാർത്താ സമ്മേളനം നീണ്ടുനിന്നത്. ഏകദിന ലോകകപ്പിനിടെ സൂര്യയുടെ മോശം പ്രകടനവും ഫൈനലിലെ തോൽവി സംഭവിക്കുകയും ചെയ്തതോടെ ആരാധകർ സൂര്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.
നേരത്തെ ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വാർത്താ സമ്മേളനത്തിന് നിരവധി മാധ്യമപ്രവർത്തകർ എത്തിയ സ്ഥാനത്താണ് സൂര്യയ്ക്ക് ഇത്തരത്തിൽ അവഗണന നേരിടേണ്ടിവന്നത്.
മുതിർന്ന ക്രിക്കറ്റ് ജേണലിസ്റ്റ് വിമൽ കുമാറാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കിട്ടത്്.ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൂര്യയെ ക്യാപ്റ്റന്റെ പദവി ഏൽപ്പിച്ചിരിക്കുന്നത്. ലോകകപ്പിൽ കളിച്ച ഇന്ത്യൻ താരങ്ങൾ മിക്കവരും വിശ്രമത്തിലുമാണ്. അവസാനത്തെ രണ്ട് ടി20 മത്സരങ്ങളിൽ ശ്രേയസ് അയ്യർ നായകനാകും.