അർജന്റീന-ബ്രസീൽ മത്സരത്തിനിടെ ഗാലറിയിൽ കൂട്ടത്തല്ല്; ചോരയൊലിച്ച് അർജന്റീനൻ ആരാധകർ, പ്രകോപിതനായി മെസിയും മാർടിനെസും; ഒരു ഗോൾ വിജയം

റിയോ ഡി ജനിറോ: ബ്രസീൽ – അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം വൈകിപ്പിച്ച് ആരാധകരുടെ കൂട്ടത്തല്ല്. വിഖ്യാതമായ മാറക്കാന ഫുട്ബോൾ സ്റ്റേഡിയത്തിലാണ് കൈയാങ്കളി അരങ്ങേറിയത്. മത്സരം തുടങ്ങുന്നതിന് മുൻപായാണ് ഗാലറിയിൽ ഇരു ടീമിന്റെയും ആരാധകർ തമ്മിൽ വൻതല്ലുണ്ടായത്. സ്ഥിതി ശാന്തമാക്കാൻ പോലീസ് മർദ്ദനമുറ ഉപയോഗിച്ചതോടെ അർജന്റീനയുടെ ആരാധകർക്ക് പലർക്കും പരിക്കേറ്റ് രക്തചൊരിച്ചിലുണ്ടായി.

ഇതോടെ മത്സരം അര മണിക്കൂർ വൈകി. ഇന്ത്യൻ സമയം രാവിലെ ആറിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 6.30-നാണ് തുടങ്ങിയത്. മത്സരത്തിനായി ലയണൽ മെസിയുടെ നേതൃത്വത്തിൽ ടീം കളത്തിലിറങ്ങിയിരുന്നു. എന്നാൽ ഗ്യാലറിയിൽ നിന്നും സംഘർഷം ഉയർന്നതോടെ താരങ്ങൾ തിരിച്ചുകയറി.

ഇരുരാജ്യങ്ങളും ദേശീയ ഗാനം ചൊല്ലുന്നതിനായി അണിനിരന്നപ്പോഴാണ് ഗാലറിയിൽ സംഘർഷമുണ്ടായത്. ഇതോടെ പോലീസ് കടുത്ത ലാത്തിച്ചാർജ് നടത്തിയതോടെയാണ് അർജന്റീന ആരാധകർക്ക് പരിക്കേറ്റത്. തങ്ങളുടെ ആരാധകർക്ക് പരിക്കേറ്റിട്ടും പോലീസ് മർദ്ദനം തുടർന്നതോടെ മെസിയും എമിലിയാനോ മാർടിനസും ഉൾപ്പടെയുള്ളവർ ഇടപെടൽ നടത്തി.
ALSO READ-ശബരിമല ദര്‍ശനത്തിനെത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു

മെസിയും കൂട്ടരും പ്രകോപിതരായതും പുറത്തെത്തിയ വീഡിയോയിൽ കാണാം. ഇതിനിടെ ‘ഞങ്ങൾ കളിക്കുന്നില്ല, പോകുന്നു’വെന്ന് മൈതാനം വിടുന്നതിനു മുൻപായി മെസി വ്യക്തമാക്കുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.

അതേസമയം, വൈകി ആരംഭിച്ച മത്സരത്തിൽ അർജന്റീന ഒരു ഗോളിന് ജയിച്ചു. 63-ാം മിനിറ്റിൽ നിക്കോളസ് ഓട്ടമെൻഡി ഹെഡറിലൂടെ നേടിയ ഗോളാണ് അർജന്റീനയ്ക്ക് ജയം സമ്മാനിച്ചത്. ഇതിനിടെ, അർജന്റൈൻ മധ്യനിരക്കാരൻ ഡി പോളിനെ ഫൗൾ ചെയ്തതിന് 81-ാം മിനിറ്റിൽ ബ്രസീലിന്റെ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.

Exit mobile version