മുംബൈ: ഇന്ത്യയെ തോല്‍പ്പിച്ച് ആറാം ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ആരാധകരെ വിഷമിപ്പിച്ചതിലാണ് വാര്‍ണറുടെ മാപ്പ് പറച്ചില്‍.
നേരത്തെയും കിരീട നേട്ടത്തില്‍ വാര്‍ണര്‍ പോസ്റ്റിട്ടിരുന്നു. ‘0-2 എന്ന സ്ഥിതിയില്‍ ഞങ്ങളെ എഴുതിത്തള്ളി. ശരി, ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടോ ? അതു സാധ്യമാക്കി ഞങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്നു’- വാര്‍ണര്‍ എക്സില്‍ കുറിച്ചു.
കളിയുടെ എല്ലാ മേഖലകളിലും ഓസ്‌ട്രേലിയ ഇന്ത്യയെ മറികടന്ന ദിവസമായിരുന്നു ഫൈനലിലേത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 240 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്, എന്നാല്‍ പിന്നീട് ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്നും ചേര്‍ന്ന് 120 പന്തില്‍ നിന്ന് 137 റണ്‍സ് നേടിയത് ഓസീസ് ഇന്നിങ്സിന് നിര്‍ണായകമായിരുന്നു.
ലോകകപ്പ് തോല്‍വിയില്‍ നിരാശനായ ഇന്ത്യന്‍ ആരാധകന്‍ വാര്‍ണറെ മെന്‍ഷന്‍ ചെയ്ത് ഹൃദയഭേദകമെന്നാണ് പോസ്റ്റ് ചെയ്തത്. വാര്‍ണറെ സംബന്ധിച്ച് ഇന്ത്യയില്‍ വലിയ ആരാധകരുണ്ട്. ഓസ്‌ട്രേലിയന്‍ താരം ഇന്ത്യയോടും ഇന്ത്യന്‍ സിനിമകളോടുമുള്ള തന്റെ സ്‌നേഹം എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരാധകനോട് ക്ഷമാപണം നടത്തുകയും വിജയകരമായ ഒരു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചതിന് ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു.
” ഞാന്‍ ക്ഷമ ചോദിക്കുന്നു, ഇത് മികച്ച ഗെയിമായിരുന്നു, അന്തരീക്ഷം അവിശ്വസനീയമായിരുന്നു, ഇന്ത്യ ടൂര്‍ണമെന്റിനെ ഗൗരവതരമായാണ് കണ്ടത്, . എല്ലാവര്‍ക്കും നന്ദി,” എന്ന് വാര്‍ണര്‍ കുറിച്ചു.