അഹമ്മദാബാദ്: ഇന്ത്യൻ മണ്ണിൽ 1.25 ലക്ഷം ആരാധകരെ സാക്ഷിയാക്കി ഏകദിന ലോകകപ്പ് ഉയർത്തി ഓസ്‌ട്രേലിയ. മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ തകർത്ത് ഓസ്‌ട്രേലിയമികച്ച പ്രകടനത്തോടെ ഫൈനൽ വിജയിച്ചു. ആറ് വിക്കറ്റിനാണ് ഓസീസ് വിജയം.
ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. തുടക്കത്തിൽ വിക്കറ്റ് വീണെങ്കിലും സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡ് ക്ഷമയോടെ കളിച്ചതാണ് ഓസീസിന് തുണയായത്. അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്ൻ മികച്ച പിന്തുണ നൽകി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിരാട് കോലിയും കെഎൽ രാഹുലും അർധ സെഞ്ചറി കണ്ടെത്തി. രോഹിത് ശർമ്മ 47 റൺസോടെ പുറത്തായി. സ്റ്റേഡിയത്തിലെ നീലക്കടലിന് വിരുന്നായി വെടിക്ക മുന്നിൽ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണർമാർക്കും വാലറ്റത്തിനും മികച്ച സ്‌കോർ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യ 50 ഓവറിൽ 240 റൺസിന് പുറത്തായി.
ഇന്ത്യൻ ആരാധകർ നിലക്കടൽ തീർത്ത അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഹെഡ് മുന്നിൽ നിന്ന് നയിച്ച് വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.
7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. വിക്കറ്റ് മുഹമ്മദ് ഷമിക്ക്. പിന്നാലെ, 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. പിന്നീട് ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചതോടെ നാലാം വിക്കറ്റിന് വേണ്ടി എറിഞ്ഞ ഓവറുകളിലെ അവസാന ഓവർ വരെ കാക്കേണ്ടി വന്നു.