ന്യൂഡൽഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിന്റെ അവസാന ചിത്രം തെളിഞ്ഞു. പാകിസ്താൻ അവസാന മത്സരത്തിൽ നിശ്ചിത റൺറേറ്റിൽ വിജയം നേടില്ലെന്ന് ഉറപ്പായതോടെയാണ് ലോകകപ്പിലെ നാലാം സ്ഥാനം ന്യൂസിലാൻഡിനെന്ന് വ്യക്തമായത്.
ഇംഗ്ലണ്ടിനെതിരേ പാകിസ്താന് 6 ഓവറിൽ വിജയലക്ഷ്യം പിന്തുടരണമായിരുന്നു. ഇക്കാര്യം സാധ്യമല്ലെന്ന് വ്യക്തമായതോടെ ന്യൂസിലാൻഡ് സെമി ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബൗൾ ചെയ്യേണ്ടിവന്നപ്പോൾ തന്നെ പാകിസ്താന്റെ സാധ്യതകൾ മങ്ങിയിരുന്നു. ഇംഗ്ലണ്ട് വലിയ 50 ഓവറിൽ 337 റൺസെടുത്തതോടെ പാകിസ്താന്റെ സെമി ഫൈനൽ പ്രവേശനം അസാധ്യമെന്ന് ഉറപ്പുമായി.
ന്യൂസീലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കണമെങ്കിൽ പാകിസ്താന് ഈ ലക്ഷ്യം ചുരുങ്ങിയത് 6.4 ഓവറിനുള്ളിൽ മറികടക്കണമായിരുന്നു. ഇത് അസാധ്യമായതോടെയാണ് പാകിസ്താൻ പുറത്തായിരിക്കുന്നത്. ഇനി ജയിച്ചാൽപ്പോലും പാകിസ്താന് അവസാന നാലിലെത്താനാകില്ല.
ആദ്യ സെമിയിൽ ആതിഥേയരായ ഇന്ത്യയെയാണ് ന്യൂസിലാൻഡ് നേരിടുക. നവംബർ 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് മത്സരം. 2019 ലോകകപ്പിൽ ഇന്ത്യയെ സെമിയിൽ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയിരുന്നു.
ALSO READ- ‘ലോകം കാണട്ടെ ഈ കഴിവ്’; സഞ്ജു സാംസണ് പിറന്നാളാശംസ നേർന്ന് ഡാൻസ് വീഡിയോ പങ്കിട്ട് ചാരുലത!
രണ്ടാം സെമി നവംബർ 16 നാണ്. അഞ്ചുതവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇതുവരെ കിരീടത്തിൽ മുത്തമിടാനാകാത്ത നിരാശയിലുള്ള ദക്ഷിണാഫ്രിക്കയെ നേരിടും. ഫൈനലിൽ എത്താനായാൽ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര മുഹൂർത്തമാണ്.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം. ഫൈനൽ നവംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ്.