ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ വൈകിയാണ് അവസരം കിട്ടയതെങ്കിലും എല്ലാ അവസരവും മുതലെടുത്ത് വിക്കറ്റ് വേട്ട നടത്തുകയാണ് മുഹമ്മദ് ഷമി. താരത്തിന്റെ മികച്ച ഫോം കാരണമാണ് എതിരാളികളെ ചുരുട്ടിക്കൂട്ടാൻ ടീം ഇന്ത്യയെ സഹായിക്കുന്നത്.
ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകളാണ് ഷമി നേടിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഷമിക്ക് സ്വന്തമായി. രണ്ട് തവണ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡും ഷമി സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽമീഡിയയിലും താരമാണ് ഷമി. ഓരോ മത്സരത്തിന് ശേഷവും ഷമിയെ വാനോളം വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകർ. വിവാഹ മോചനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വ്യക്തമപരമായി വലിയ നഷ്ടങ്ങൾ സംഭവിച്ച താരം കരിയറിലുണ്ടാക്കുന്ന നേട്ടങ്ങളും വലിയ രീതിയല് പ്രശംസിക്കപ്പെടുന്നുണ്ട്.
അതേസമയം, ഇപ്പോഴിതാ ഷമിക്ക് ബോളിവുഡിൽ നിന്ന് ഒരു വിവാഹ അഭ്യർഥനയും വന്നിരിക്കുകയാണ്. നടി പായൽ ഘോഷാണ് ഷമിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പരസ്യമാക്കിയിരിക്കുന്നത്.
‘ഷമി നീ നിന്റെ ഇംഗ്ലീഷ് ശരിയാക്കൂ, ഞാൻ നിന്നെ വിവാഹം കഴിക്കാൻ തയ്യാറാണ്’-എന്നാണ് രാഷ്ട്രീയ പ്രവർത്തക കൂടിയായ പായൽ ഘോഷ് എക്‌സിൽ കുറിച്ചത്. ചന്ദ്രശേഖർ യെലേറ്റിയുടെ ‘പ്രയാണം’ എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് പായൽ. വർഷാധരേ, ഊസരവള്ളി, മിസ്റ്റർ റാസ്‌കൽ, പട്ടേൽ കി പഞ്ചാബി ഷാദി തുടങ്ങിയ സിനിമകളിൽ വേഷമിട്ടിരുന്നു. കേന്ദ്ര മന്ത്രിയായ രാംദാസ് അതാവലെയുടെ പാർട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് കൂടിയാണ് പായൽ.