കൊൽക്കത്ത: വീണ്ടും ചരിത്ര വിജയവുമായി ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ പടയോട്ടം. സൗത്ത് ആഫ്രിക്കയെ 243 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. പൊരുതി നോക്കാൻ പോലും സാധിക്കാതെ പ്രോട്ടീസ് 83 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.
രവീന്ദ്ര ജഡേജ നേടിയ അഞ്ച് വിക്കറ്റാണ് വിജയം അനായാസമാക്കിയത്. മുഹമ്മദ് ഷമിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 14 റൺസ് നേടിയ മാർകോ യാൻസൺ ആണ് പ്രോട്ടീസ് നിരയിലെ കൂടുതൽ റൺസ് നേടിയ താരം.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 327 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. എന്നാൽ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ സ്‌കോർ 83ൽ എത്തി നിൽക്കെ ഓൾ ഔട്ട് ആവുകയായിരുന്നു. കരിയറിലെ 49ാം ഏകദിന സെഞ്ച്വറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്തിയ വിരാട് കോഹ്ലിയുടെ പ്രകടനവും 77 റൺസ് നേടിയ ശ്രേയസ് അയ്യരുടെ മികച്ച ബാറ്റിങുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ മൂന്നക്കം കാണിക്കാതെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ മറ്റൊരു മത്സരത്തിലും സമാനമായ പ്രകടനം നടത്തിയത്. തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശനം നേടുകയും ചെയ്തു. സെമിയില്‍ നാലാം സ്ഥാനക്കാരായ ടീമിനെ ഇന്ത്യ നേരിടും. ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
Discussion about this post