മുംബൈ: ഒടുവില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം അംഗീകരിച്ച് ക്രിക്കറ്റിനെ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. വോട്ടെടുപ്പിലൂടെയാണ് കൂടുതല്‍ കായിക ഇനങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ക്രിക്കറ്റിന് പുറമെ ഫ്‌ലാഗ് ഫുട്‌ബോള്‍, ലക്രോസ് (സിക്സസ്), സ്‌ക്വാഷ്, ബേസ്‌ബോള്‍ സോഫ്റ്റ്‌ബോള്‍ എന്നിങ്ങനെ നാലിനങ്ങള്‍ കൂടി ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തും.
പുരുഷ, വനിതാ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങളാണ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുക. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈയില്‍ നടന്ന യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
അതേസമയം 128 വര്‍ഷത്തിനു ശേഷമാണ് ഒളിംപിക്‌സിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവ്. 1900 പാരിസ് ഒളിംപിക്‌സില്‍ മാത്രമാണ് ഇതിനു മുന്‍പ് ക്രിക്കറ്റ് ഉള്‍പ്പെട്ടിരുന്നത്.
2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ താല്‍പര്യവും അറിയിച്ചിട്ടുണ്ട്. വേദി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷം എടുക്കുമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അറിയിച്ചിരിക്കുകയാണ്.
ഐഒസി സമ്മേളനം ഉദ്ഘാടനം ചെയ്യവേ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഒളിംപിക്‌സിന് വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം വെളിപ്പെടുത്തിയത്.