കൊച്ചി: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക വീണ്ടും ബൂട്ടണിയുന്നു. ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയിലൂടെയാണ് അനസിന്റെ തിരിച്ചുവരവ്.
2021-22ല്‍ ഐഎസ്എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്സിക്ക് വേണ്ടിയാണ് അനസ് അവസാനമായി കളിച്ചത്. അവിടെ നാല് മത്സരങ്ങളില്‍ നിന്നായി 33 മിനിറ്റ് മാത്രമെ താരത്തിന് ആയുസുണ്ടായിരുന്നുള്ളൂ. 2019ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മികച്ച ഫോമില്‍ നിലനില്‍ക്കെ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ ആരാധകരെയും ഞെട്ടിച്ചിരുന്നു.
ഐഎസ്എല്ലില്‍ കളിക്കുന്നതിനിടെ പരിക്ക് അലട്ടിയതിനാല്‍ അനസിന് ഇടവേളയെടുക്കാതെ മറ്റു വഴിയില്ലായിരുന്നു. ഈ സമയത്ത് കേരളാ പോലീസില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സ്റ്റീഫന്‍ കോണ്‍സ്റ്റന്റെന്‍ മുഖ്യ പരിശീലകനായിരുന്ന കാലത്ത് ഇന്ത്യന്‍ ദേശീയ ടീമില്‍ അനസ് എടത്തൊടിക ചെലുത്തിയ സ്വാധീനം മികച്ചതായിരുന്നു.
ദേശീയ ടീമിന്റെ പ്രതിരോധത്തിലെ ഒരു പ്രധാന താരം ആയിരുന്ന അദ്ദേഹം ഇന്ത്യയുടെ അന്താരാഷ്ട്ര ക്യാമ്പയ്നുകളില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആഭ്യന്തര ലീഗിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഗോകുലം കേരളത്തിന് മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ സമൂഹത്തിനും ആവേശമാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ ടോപ്പ് ഡിവിഷനിലേക്ക് യോഗ്യത നേടാനൊരുങ്ങുകയാണ് ഗോകുലം കേരള എഫ്.സി.