ഇന്ത്യന്‍ ടീമിന് ആശംസയുമായി ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍

1947-48ല്‍ ആസ്‌ത്രേലിയന്‍ പര്യടനം തുടങ്ങിയതിന് ശേഷം ഇതാദ്യമാണ് ഇന്ത്യ ആസ്‌ത്രേലിയന്‍ മണ്ണില്‍ പരമ്പര സ്വന്തമാക്കുന്നത്

ടെസ്റ്റ പരമ്പര നേട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍. പരമ്പരയില്‍ ഇന്ത്യ അര്‍ഹിച്ച വിജയമാണ് നേടിയതെന്ന് പറഞ്ഞ പെയ്ന്‍, നായകന്‍ വിരാട് കോഹ്ലിക്കും രവി ശാസ്ത്രിക്കും ആശംസ നേരാനും മറന്നില്ല.

വിദേശ മണ്ണില്‍ കളിക്കുന്നതിലെ വെല്ലുവിളി ഏതു തരത്തിലുള്ളതായിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം. ഈ കടുത്ത സമ്മര്‍ദം അതിജയിച്ചാണ് ടീം ഇന്ത്യ വിജയം നേടിയത്. ഇതവര്‍ അര്‍ഹിച്ച വിജയമാണെന്ന് ഓസീസ് നായകന്‍ പറഞ്ഞു. പെര്‍ത്തില്‍ വിജയിക്കാവുന്ന മത്സരമായിരുന്നു. എന്നാല്‍ ജയം ഇന്ത്യക്കൊപ്പം നിന്നു. വീഴ്ച്ചയില്‍ നിന്നും തിരിച്ചു വരുമെന്ന് പറഞ്ഞ ടിം പെയ്ന്‍, വരാനിരിക്കുന്ന ശ്രീലങ്കന്‍ സീരീസിനായി നല്ല തയ്യാറെടുപ്പ് നടത്തുമെന്നും അറിയിച്ചു.

71 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചു കൊണ്ട് ആസ്‌ത്രേലിയന്‍ മണ്ണിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പ സ്വന്തമാക്കുകയായിരുന്നു ഇന്ത്യ. പരമ്പരയിലെ അഡ്‌ലെയിഡ്, മെല്‍ബണ്‍ മത്സരങ്ങള്‍ കൈപിടിയിലാക്കിയ ഇന്ത്യ, സിഡ്‌നിയിലെ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ പരമ്പര സ്വന്തമാക്കുകയായിരുന്നു. 1947-48ല്‍ ആസ്‌ത്രേലിയന്‍ പര്യടനം തുടങ്ങിയതിന് ശേഷം ഇതാദ്യമാണ് ഇന്ത്യ ആസ്‌ത്രേലിയന്‍ മണ്ണില്‍ പരമ്പര സ്വന്തമാക്കുന്നത്.

Exit mobile version