ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇത്തവണ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈ ചെപ്പോക്കിലെ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ആതിഥേയരായ ഇന്ത്യ ആദ്യമത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ഫീല്‍ഡിങ് തുടരുന്നു.
അതേസമയം, ഇതൊന്നുമല്ല ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തെ ആവേശത്തിലാക്കിയിരിക്കുന്നത്. കുറേകാലത്തിന് ശേഷം ജാര്‍വോ 69 വീണ്ടും ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറിയിരിക്കുകയാണ്. സ്ഥിരമായി ക്രിക്കറ്റ് വേദികളെ അലോസരപ്പെടുത്തിയിരുന്ന അത്രികമിച്ച് കയറല്‍ താരമാണ് ജാര്‍വോ. ഇത്തവണ ജാര്‍വോയുടെ ലോകകപ്പ് അരങ്ങേറ്റവും സംഭവിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ താരങ്ങളും ഓസ്‌ട്രേലിയ താരങ്ങളും ഫീല്‍ഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഇവരുടെ കൂട്ടത്തില്‍ ജാര്‍വോയും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയത്. ഉടനെ തന്നെ ജാര്‍വോയെ തിരിച്ചറിഞ്ഞ് സുരക്ഷാപ്രവര്‍ത്തകരും വിരാട് കോഹ് ലിയും ചേര്‍ന്ന് ഇയാളെ പൊക്കി കൊണ്ടുപോവുകയായിരുന്നു.
Jarvo in Chepauk….!!!!! pic.twitter.com/h24Lx8A6I4
— Johns. (@CricCrazyJohns) October 8, 2023
കുറച്ചുനാളായി ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയില്‍ പ്രശസ്തനാണ് ഈ ജാര്‍വോ. ഈ വ്യക്തി ജാര്‍വോ എന്ന പേരില്‍ സ്വന്തമായി തയ്പ്പിച്ച ജഴ്‌സിയണിഞ്ഞാണ് പൊതുവെ എത്താറുള്ളത്. ഇയാളുടെ ശരിയായ പേര് വ്യക്തമല്ല. കഴിഞ്ഞതവണ ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ് ഇയാള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കിറ്റും അണിഞ്ഞ് ഓപ്പണിംഗ് ബാറ്റിങിനും വരെ ഇയാള്‍ ഇറങ്ങിയിരുന്നു. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം ഇയാള്‍ വീണ്ടും ക്രിക്കറ്റ് ഫീല്‍ഡില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഐസിസിയുടെ അറിവോടെ മത്സരത്തെ ശ്രദ്ധേയമാക്കാനാണ് ജാര്‍വോയെ തുറന്നുവിട്ടിരിക്കുന്നത് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.