മുംബൈ: ബിസിസിഐ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വിരാട് കോഹ്ലിയും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഹൃദ്യമായ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ചെന്നൈ സ്വദേശിയായ ശ്രീനിവാസ് ആണ് കോഹ്‌ലിയെ കാണാന്‍ എത്തിയത്. അംഗപരിമിതനാണ് ശ്രീനിവാസ്. വീല്‍ചെയറില്‍ ചെന്നൈയിലെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം കഴിയും വരെ കാത്തിരുന്നു.
ശ്രീനിവാസന്റെ കാത്തിരിപ്പ് വെറുതെയായില്ല. പരിശീലനത്തിന് ശേഷം കോഹ്ലി ശ്രീനിവാസന്റെ അടുത്തെത്തി വിശേഷങ്ങള്‍ ചോദിച്ചറിയുകയും കൊണ്ടുവന്ന ഛായ ചിത്രം സമ്മാനിക്കുകയും കോഹ്ലി ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. അനുഗ്രഹം ചൊരിഞ്ഞാണ് താരം മടങ്ങിയത്.
‘ഞാന്‍ ശ്രീനിവാസ്, ചെന്നൈയില്‍ നിന്നാണ്, ഗ്രാഫിക് ഡിസൈനിംഗ് പഠിക്കുന്നു, ടിക്കറ്റ് വാങ്ങാനാണ് ഇവിടെ വന്നത്, അപ്പോഴാണ് താരത്തെ കാണുന്നതും ഞാന്‍ കൊണ്ടുവന്ന ഛായചിത്രം അദ്ദേഹത്തിന് നല്‍കാന്‍ ശ്രമിക്കുന്നതും. 40 മണിക്കൂറിലേറെ സമയമെടുത്താണ് ഞാനിത് വരച്ചത്. എനിക്ക് അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു.
എന്നാല്‍ അദ്ദേഹം എന്റെ അടുത്ത് വന്നു എന്നോട് സംസാരിച്ചു. ഒരു നിമിഷം എനിക്കത് സ്വപ്നമാണെന്ന് തോന്നി. ചിത്രത്തില്‍ ഞാന്‍ ഒപ്പിടണമോ എന്ന് എന്നോട് ചോദിച്ചു. ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എടുക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഗ്രൗണ്ടില്‍ കാണുന്ന പോലെയല്ല, പുറത്ത് വളരെ ദയാലുവും കരുണയുള്ളയാളുമാണെന്നും ശ്രീനിവാസ് പറഞ്ഞു.