ന്യൂഡല്‍ഹി: ലോകകപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. മികച്ച ഫോമിലുള്ള ഓപ്പണിങ് ബാറ്റര്‍ ശുഭ്മന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഗില്‍ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
കടുത്ത പനി ബാധിച്ച ഗില്ലിന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഡെങ്കി സ്ഥിരീകരിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഗില്ല് കളിച്ചില്ലെങ്കില്‍ ഇഷാന് കിഷന് ഓപ്പണര്‍ സ്ഥാനത്ത് എത്തിയേക്കും.
ഈ വര്‍ഷം അഞ്ച് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കം 72.35 ശരാശരിയില്‍ 1230 റണ്‍സ് നേടിയ 2023-ല്‍ ഏകദിനത്തിലെ ടോപ് സ്കോററാണ് ഗില്ല. താരത്തിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.
ഡെങ്കി രോഗികള്‍ പൂര്‍ണ ആരോഗ്യം കൈവരിക്കാന്‍ ഏഴു മുതല്‍ 10 ദിവസം വരെയെടുത്തേക്കാം. അതുകൊണ്ട് തന്നെ ഗില്ലിന് രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരും.വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന നടന്ന ടീമിന്റെ നെറ്റ് സെഷനില്‍ ഗില്‍ പങ്കെടുത്തിരുന്നില്ല.
ALSO READ-ജോലിക്കിടെ വാഹനാപകടം, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം
അതേസമയം, ടീം മാനേജ്മെന്റ് ഗില്ലിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്നും, വെള്ളിയാഴ്ച കൂടുതല്‍ പരിശോധനയ്ക്ക് ശേഷം താരത്തിന് കളിക്കാനാകുമോ എന്ന് തീരുമാനിക്കുമെന്നുമാണ് ടീം വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.