‘എന്റെ മെഡൽ ഒരു ട്രാൻസ്ജെൻഡർ തട്ടിയെടുത്തു, എന്റെ മെഡൽ തിരിച്ചുവേണം’;മോശം പ്രകടനത്തിന് പിന്നാലെ സ്വപ്‌ന ബർമന്റെ വിവാദ പരാമർശം

ഹാങ്ചൗ: 19ാം ഏഷ്യൻ ഗെയിംസിൽ വനിതാ വിഭാഗം ഹെപ്റ്റാത്തലണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സ്വപ്‌ന ബർമൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ ഇനത്തിൽ ഇന്ത്യയുടെ തന്നെ നന്ദിനി അഗസാരയാണ് മൂന്നാം സ്ഥാനം നേടി വെങ്കല മെഡൽ കരസ്ഥമാക്കിയത്. മോശം പ്രകടനമാണ് സ്വപ്ന പുറത്തെടുത്തത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വപ്‌ന സ്വർണം നേടയിയിരുന്നു.

എന്നാൽ മെഡൽ നഷ്ടത്തിന് പിന്നാലെ സ്വപ്‌ന ബർമൻ നടത്തിയ പരാമർശം വലിയ വിവാദമാവുകയാണ്. മെഡൽ നേടിയ നന്ദിനി ട്രാൻസ്ജെൻഡറാണെന്ന് സ്വപ്ന ആരോപിച്ചു.

‘ എന്റെ മെഡൽ ഒരു ട്രാൻസ്ജെൻഡർ വനിത തട്ടിയെടുത്തു. എനിക്ക് എന്റെ മെഡൽ തിരിച്ചുവേണം. അത്ലറ്റിക്സിന്റെ നിയമങ്ങൾക്ക് എതിരാണിത്. എന്നെ സഹായിക്കൂ. എനിക്ക് പിന്തുണ നൽകൂ’-എന്നാണ് സ്വപ്ന സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചത്.

എന്നാൽ ഈ പോസ്റ്റ് വലിയ വിവാദമായതോടെ താരം ഇത് പിൻവലിച്ചു. മത്സരത്തിൽ 5712 പോയന്റ് നേടിയാണ് നന്ദിനി വെങ്കലം നേടിയത്. സ്വപ്നയ്ക്ക് 5708 പോയന്റ് മാത്രമാണ് നേടാനായത്. പിന്നാലെ ദ ബ്രിഡ്ജിന് നൽകിയ അഭിമുഖത്തിലും സ്വപ്ന പൊട്ടിത്തെറിക്കുകയായിരുന്നു.

‘ട്രാൻസ്ജെൻഡർ അത്ലറ്റുകളുടെ ടെസ്റ്റോസ്റ്റെറോൺ അളവ് 2.5 ന് മുകളിലായിരിക്കും അതുകൊണ്ട് 200 മീറ്ററിന് മുകളിലുള്ള ഇവന്റുകളിൽ പങ്കെടുക്കാനാകില്ല.’

ALSO READ- വേണ്ടത് 12 ലക്ഷം, കാന്‍സര്‍ ബാധിതനായ കാസര്‍കോട്ടെ വോളിബോള്‍ താരം സുമനസുകളുടെ സഹായം തേടുന്നു

‘ഹെപ്റ്റാത്തലൺ ഇത്ര വേഗത്തിൽ ഒരു പെൺകുട്ടിയ്ക്കും പൂർത്തീകരിക്കാനാവില്ല. ഞാൻ കഴിഞ്ഞ 13 വർഷമായി പരിശീലിക്കുകയാണ്. നന്ദിനി വെറും നാല് മാസം കൊണ്ട് പരിശീലിച്ചാണ് ഈ നിലയിലെത്തിയത്. അത് ഒരിക്കലും സാധ്യമല്ല’- സ്വപ്ന ആരോപിച്ചു.

നന്ദിനിയെ ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയതിലും താരം പ്രതിഷേധം അറിയിച്ചിരുന്നു. സ്വപ്നയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version