ഐഎസ്എല്‍; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ, സ്റ്റേഷനുകളില്‍ പേ ആന്റ് പാര്‍ക്ക് സൗകര്യവും

ജെഎല്‍എന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി 11:30നായിരിക്കും.

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസിന്റെ സമയം നീട്ടി. ജെഎല്‍എന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി 11:30നായിരിക്കും. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്നവര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താം.

രാത്രി പത്തുമണിക്ക് ശേഷം ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കിഴിവുമുണ്ടെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. കൂടാതെ, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആന്‍ഡ് പാര്‍ക്ക് സൗകര്യവും ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

തൃശൂര്‍, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്ത് ബസുകളും കാറുകളും പാര്‍ക്ക് ചെയ്ത ശേഷം മെട്രോയില്‍ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാം. അന്‍പത് കാറുകളും 10 ബസുകളും ഒരോ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.

പറവൂര്‍, കൊടുങ്ങല്ലൂര്‍ വഴി ദേശീയപാത 66ല്‍ എത്തുന്നവര്‍ക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാര്‍ക്കിംഗില്‍ വാഹനം പാര്‍ക്ക് ചെയ്ത് മെട്രോയില്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം സ്റ്റേഷനിലേക്കെത്താം.

ALSO READ ആ ഭാഗ്യവാന്മാരെ കണ്ടെത്തി, 25 കോടി 4 പേര്‍ പങ്കിടും; എല്ലാവരും തമിഴ്‌നാട് സ്വദേശികള്‍

ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് വൈറ്റിലയില്‍ നിന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് എസ്.എന്‍ ജംഗ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളില്‍ നിന്ന് മെട്രോ സേവനം ഉപയോഗിക്കാം.

Exit mobile version