ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാകപ്പ്; പത്ത് വിക്കറ്റിന് ശ്രീലങ്കയെ തകർത്ത് കിരീടധാരണം

കൊളംബോ: എട്ടാം ഏഷ്യാ കപ്പ് കിരീട നേട്ടവുമായി ഇന്ത്യ. ഞായറാഴ്ച നടന്ന ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂർണമെന്റിൽ വിജയിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയർത്തിയ 51 റൺസ് വിജയലക്ഷ്യം വെറും 6.1 ഓവറിൽ മറികടക്കുകയായിരുന്നു ഇന്ത്യ. ഓപ്പണർമാരായ ഇഷാൻ കിഷനും (23) ശുഭ്മാൻ ഗില്ലും (27) ചേർന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.

അതേസമയം, ഏഷ്യാകപ്പ് ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്നതായിരുന്നു ഇന്ത്യ-ശ്രീലങ്ക ഫൈനൽ. ടോസ് നഷ്ടപ്പെട്ട് ബോളിംഗിനെത്തിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ മൂന്നാം പന്തിൽ വിക്കറ്റ് കിട്ടി. കുശാൽ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട സിറാജിന്റെ ഓവറിലെത്തിയതോടെ അതിന്റെ പാരമ്യത്തിലെത്തി.

നാലാം ഓവറിലെ ആദ്യ പന്തിൽ പതും നിസ്സങ്ക (2), മൂന്നാം പന്തിൽ സദീര സമരവിക്രമ (0), നാലാം പന്തിൽ ചരിത് അസലങ്ക (0), ആറാം പന്തിൽ ധനഞ്ജയ ഡിസിൽവ (4) എന്നിങ്ങനെ ഓരോരുത്തരെയായി സിറാജ് മടക്കി. ഇതോടെ ഏകദിനത്തിൽ ഒരു ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടം സിറാജ് സ്വന്തമാക്കി.

ആറാം ഓവറിൽ മടങ്ങിയെത്തിയ സിറാജ് ലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയുടെ (0) കുറ്റി തെറിപ്പിച്ചാണ് തുടങ്ങിയത്. ഇതോടെ സിറാജ് അഞ്ച് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. 16 പന്തുകൾക്കിടെ അഞ്ച് വിക്കറ്റ് തികച്ച സിറാജ് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡിലും പങ്കാളിയായി.

ALSO READ- ഏഷ്യാകപ്പ്: ലങ്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച് സിറാജ്; ഏഴ് ഓവറിൽ നേടിയത് ആറ് വിക്കറ്റ്; ഇന്ത്യയ്ക്ക് 51 റൺസ് വിജയലക്ഷ്യം

2003-ൽ ബംഗ്ലാദേശിനെതിരേ മുൻ ലങ്കൻ ബൗളർ ചാമിന്ദ വാസ് 16 പന്തുകൾക്കുള്ളിൽ അഞ്ച് വിക്കറ്റ് എടുത്തിരുന്നു. പിന്നാലെ 12-ാം ഓവറിൽ കുശാൽ മെൻഡിസിനെയും (17) പുറത്താക്കിയ താരം ആറാം വിക്കറ്റും സ്വന്തമാക്കി. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഒരു ബൗളറുടെ ഏറ്റവും മികച്ച ഫിഗറാണിത്.

ദുനിത് വെല്ലാലഗെ (8), പ്രമോദ് മദുഷാൻ (1), മതീഷ പതിരണ (0) എന്നീ മൂന്ന് വിക്കറ്റുകൾ പിഴുത് 50 റൺസിന് ശ്രീലങ്കൻ നിരയെ ഒതുക്കി ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഫീൽഡിംഗ് അവസാനിപ്പിച്ചത്.

Exit mobile version