സിഡ്‌നിയില്‍ ചരിത്രം പിറന്നു! ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനായി കോഹ്‌ലി; പൂജാര പരമ്പരയിലെ താരം!

നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ചരിത്രനേട്ടം.

സിഡ്‌നി: നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ചരിത്രനേട്ടം. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ചരിത്രത്തിലാദ്യമായി സ്വന്തമാക്കി ചരിത്ര ഇന്ത്യന്‍ പട. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതിനാല്‍ സിഡ്‌നി ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. മുന്‍ഗാമികള്‍ക്കാര്‍ക്കും കൈവരാതിരുന്ന അപൂര്‍വ്വ നേട്ടം കൂടി ഇതിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സ്വന്തമായി. മൂന്നു സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം.

സിഡ്‌നിയില്‍ ഇന്ത്യയുടെ 622 എന്ന കൂറ്റന്‍ സ്‌കോറിനെ മറികടക്കാനാകാതെ ഒന്നാം ഇന്നിങ്‌സിന് പിന്നാലെ ഫോളോ ഓണ്‍ ചെയ്ത ഓസീസ് നാലാം ദിവസം വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു.നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് വെളിച്ചക്കുറവു മൂലം കളി കളി നടന്നത്. അഞ്ചാംദിനം മഴ ഓസീസിന് രക്ഷകനായി മാറിയതോടെ മത്സരം സമനിലയിലാവുകയും പരമ്പര ഇന്ത്യ സ്വന്തമാക്കുകയുമായിരുന്നു. 31 വ​ർ​ഷ​ത്തി​നി​ടെ സ്വ​ന്തം മ​ണ്ണി​ൽ ആ​ദ്യ​മാ​യാ​ണ്​ ഓസീ​സ്​ ഫോ​ളോ ഓ​ൺ വ​ഴ​ങ്ങു​ന്ന​ത്.

നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

ഇതോടെ, നാലു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. അഡ്‌ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.

Exit mobile version