ന്യൂയോർക്: യുഎസ് ഓപ്പൺ ടെന്നീസ് വനിതാ കിരീടം സ്വന്തമാക്കി യുഎസിന്റെ കൊക്കോ ഗോഫ്. ലോക ഒന്നാം നമ്പറും രണ്ടാം സീഡുമായ ആര്യാന സബലങ്കയെയാണ് കൊക്കോ പരാജയപ്പെടുത്തിയത്. യുഎസ് ഓപ്പൺ കിരീടം കരസ്ഥമാക്കുന്ന ടീനേജുകാരിയാണ് കൊക്കോ ഗോഫ്. സ്‌കോർ 2-6, 6-3, 6-2 19കാരിയായ കൊക്കോയുടെ ആദ്യ ഗ്രാൻഡ് സ്ലാം കീരീടമാണിത്.
സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട ആദ്യ ടീനേജറെന്ന നേട്ടം കൂടിയാണ് ഇതോടെ കൊക്കോ ഗോഫ് സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റിൽ പരിചയ സമ്പന്നയായ സബലങ്കയുടെ ആധിപത്യമാണ് കാണാനായത്.
എന്നാൽ 6-2 നേടി ആദ്യ സെറ്റ് സ്വന്തമാക്കിയ സബലങ്കയെ രണ്ടാം സെറ്റിൽ കൊക്കോ മലർത്തിയടിക്കുന്നതാണ് ദൃശ്യമായത്. 6-3 സ്‌കോറിൽ മത്സരത്തിൽ കൊക്കോ ഒപ്പമെത്തി. തുടർന്ന് മൂന്നാം സെറ്റിലും ആധിപത്യം തുടർന്ന കൊക്കോ രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ കിരീടം സ്വന്തം പേരിൽ എഴുതി ചേർക്കുകയായിരുന്നു.
യുഎസ് ഓപ്പൺ കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കൊക്കോ ഉയരും. നാളെയാണ് യുഎസ് ഓപ്പണിൽ പുരുഷ സിംഗിൾസ് ഫൈനൽ. നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ചും റഷ്യയുടെ ഡാനിൽ മെദ്‌വദേവും ഏറ്റുമുട്ടും.