പാരിസ്: ഇത്തവണത്തെ ബാലൺ ഡിയോർ പുരസ്‌കാരം ആര് നേടുമെന്ന് ഉറ്റുനോക്കി ഫുട്‌ബോൾ ലോകം. ട്രോഫിക്കുള്ള അന്തിമ പട്ടിക സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിച്ചതോടെ ചർച്ചകൾ തുടരുകയാണ്. അന്തിമ പട്ടിക പ്രകാരം ലയണൽ മെസിയും എർലിങ് ഹാളണ്ടുമാണ് പുരസ്‌കാര നേട്ടത്തിന് ഏറ്റവും സാധ്യതയുള്ള താരങ്ങൾ.
2022-ൽ അർജന്റീനയ്ക്ക് ലോകകപ്പ് വിജയം സമ്മാനിച്ച സൂപ്പർ താരം ലയണൽ മെസിക്ക് തന്നെയാണ് കൂട്ടത്തിൽ കൂടുതൽ സാധ്യത. ഏഴ് തവണ ബാലൺ ഡിയോർ ജേതാവായ മെസി പുരസ്‌കാരം നേടുമോ എന്നാണ് ഏറ്റവുമധികം ചർച്ച ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിക്കൊപ്പം പ്രധാന മൂന്ന് കിരീടങ്ങൾ നേടിയ എർലിങ് ഹാളണ്ടിനേയും തള്ളിക്കളയാനാകില്ല.
മെസിയുടെ ഖത്തറിലെ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പ്രകടനത്തിന് പുരസ്‌കാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയതാണ് ഹാളണ്ടിന് പ്രതീക്ഷ നൽകുന്നത്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
കഴിഞ്ഞ വർഷത്തെ വിജയി കരീം ബെൻസിമ, പിഎസ്ജിയുടെ ഫ്രാൻസ് സൂപ്പർതാരം കിലിയൻ എംബാപ്പെ, ലിവർ പൂൾ താരം മുഹമ്മദ് സലാ ഉൾപ്പടെയുള്ളവർ അവസാന 20 അംഗ സാധ്യതാ പട്ടികയിലുണ്ട്. ഒക്ടോബർ 30-ന് പുരസ്‌കാരം പ്രഖ്യാപിക്കും.
അതേസമയം, വനിതാ താരങ്ങളുടെ പട്ടികയിൽ ചെൽസിയുടെ സാം കെർ, മില്ലി ബ്രൈറ്റ്, കഴിഞ്ഞ മാസം സ്പെയ്നിനൊപ്പം വനിതാ ലോകകപ്പ് നേടിയ ബാഴ്സലോണയുടെ ഐറ്റാന ബോൺമറ്റി തുടങ്ങിയവരാണ് വനിതകളുടെ 30 അംഗ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ രണ്ട് തവണ പുരസ്‌കാരം നേടിയ ബാഴ്സലോണയുടെ അലക്സിയ പ്യുട്ടെയാസ് ഇത്തവണ ഉൾപ്പെട്ടിട്ടില്ല.
മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാര (യഷിൻ അവാർഡ്) പട്ടികയിൽ ലോകകപ്പ് ജേതാവ് എമിലിയാനോ മാർട്ടിനെസ്, സിറ്റി താരം എഡേഴ്സൺ, ലാ ലിഗ ഗോൾഡൻ ഗ്ലൗ ജേതാവ് മാർക്ക് ആന്ദ്രേ ടെർസ്റ്റേഗൻ എന്നിവരാണ് മുൻനിരയിലുള്ളത്.