കറാച്ചി: ജീവിതത്തിൽ നേരിട്ട കടുത്ത പ്രതിസന്ധിയുടെ നാളുകൾ വെളിപ്പെടുത്തി പാകിസ്താൻ ക്രിക്കറ്റർ ഉമർ അക്മൽ. 2020ൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് സാമ്പത്തികമായും മറ്റും നേരിട്ട പ്രതിസന്ധികളെ കുറിച്ചാണ് ഉമർ സ്വകാര്യ മാധ്യമത്തോട് തുറന്ന് സംസാരിച്ചത്.
പിസിബി തനിക്കെതിരേ വിലക്കേർപ്പെടുത്തിയപ്പോൾ ജീവിതത്തിൽ കഷ്ടപാട് നിറഞ്ഞു. പണമില്ലാത്തതിനാൽ മകളെ സ്‌കൂളിൽ പോലും വിടാൻ കഴിഞ്ഞില്ലെന്നും ഉമർ വെളിപ്പെടുത്തി. ഇതുപോലെ ശത്രുക്കൾക്കുപോലും ഒരു ഗതി വരരുതെന്നാണ് തനിക്ക് പറയാനുള്ളത്. ദൈവം മനുഷ്യരെ പരീക്ഷിച്ചുകൊണ്ടിരിക്കും. ഏറ്റവും മോശം കാലഘട്ടത്തിലാണ് ആളുകളുടെ യഥാർഥ സ്വഭാവം മനസിലാകുക. തന്റെ മോശം സമയത്ത് കൂടെ നിന്നവരോടെല്ലാം ഒരുപാട് നന്ദിയുണ്ടെന്നും ഉമർ പ്രതികരിച്ചു.
കൈയ്യിൽ പണമില്ലാത്തതിനാൽ എട്ട് മാസത്തോളം തന്റെ മകളെ സ്‌കൂളിൽ വിടാൻ കഴിഞ്ഞില്ല. ആ സമയത്തും ഭാര്യ പിന്തുണ നൽകി കൂടെ നിന്നു. അന്നത്തെ അവസ്ഥയെ കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും തന്റെ കണ്ണ് നിറയുമെന്നും താരം വികാരാധീനനായി പറഞ്ഞു.
തന്റെ ഭാര്യ എല്ലാ സൗകര്യങ്ങളുമുള്ള കുടുംബത്തിലാണ് ജനിച്ചത്. എന്നിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടി. ആ സമയത്ത് അവൾ തന്റെ കൂടെനിന്നു. ഏത് സമയത്തും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകി. അതിൽ തനിക്ക് അവളോട് ഒരുപാട് നന്ദിയുണ്ടെന്നും ഉമർ അക്മൽ പാക് ചാനലായ സമ ടിവിയോട് പറഞ്ഞു.
ടീമിൽ അവസരം കിട്ടുകയാണെങ്കിൽ ഉറപ്പായും തിരിച്ചുവരുമെന്നും 33കാരനായ ക്രിക്കറ്റർ പറഞ്ഞു. താൻ അതിനായി കഠിനധ്വാനം ചെയ്യുമെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉമർ അക്മൽ പറയുന്നു.
2020 ഏപ്രിലിൽ പാകിസ്താൻ സൂപ്പർ ലീഗിനിടെ വാതുവെയ്പ്പ് അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാത്തതിനെ തുടർന്നാണ് ഉമർ അക്മലിന് വിലക്കേർപ്പെടുത്തിയത്.
Discussion about this post