ഹരാരെ: സോഷ്യൽമീഡിയയിൽ നിറഞ്ഞ ആദരാഞ്ജലി പോസ്റ്റുകൾക്ക് വിട, സിംബാബ്‌വെയുടെ മുൻ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാർത്ത തിരുത്തി മുൻസഹതാരം. ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന തരത്തിൽ പ്രചരിച്ചത് വ്യാജ വാർത്തയെന്ന് ഹെൻറി ഒലോങ്കയാണ് വിശദീകരിച്ചത്. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഒലോങ്കയുടെ വെളിപ്പെടുത്തൽ.
നേരത്തെ സ്ട്രീക്ക് മരിച്ചെന്ന വാർത്ത പുറത്തുവിട്ടതും ഒലോങ്കയായിരുന്നു. സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്നുമാണ് ഒലോങ്ക വ്യക്തമാക്കിയത്. സ്ട്രീക്കിൽ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേർഡ് അമ്പയർ തിരിച്ചു വിളിച്ചിരിക്കുന്നു എന്നുമായിരുന്നു ഒലോങ്കയുടെ ട്വീറ്റ്.
I can confirm that rumours of the demise of Heath Streak have been greatly exaggerated. I just heard from him. The third umpire has called him back. He is very much alive folks. pic.twitter.com/LQs6bcjWSB
— Henry Olonga (@henryolonga) August 23, 2023
ഹീത്ത് സ്ട്രീക്ക് ക്യാൻസർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെയോടെ ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഫോക്‌സ് ന്യൂസ് അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത്.
1990കളിലും 2000ത്തിന്റെ ആദ്യ പകുതിയിലും സിംബാബ്വെ ക്രിക്കറ്റിലെ സൂപ്പർ താരമായിരുന്നു സ്ട്രീക്ക്. 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റൺസും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്വെ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാളാണ്. ടെസ്റ്റിൽ 100 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഏക സിംബാബ്വെ ബൗളറുമാണ്. 2005ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്ട്രീക്ക് പരിശീലകനായി വിവിധ ടീമുകൾക്കൊപ്പം പ്രവർത്തിച്ചിരുന്നു.