റിയാദ്: ബ്രസീൽ താരം നെയ്മർ ജൂനിയർ പിഎസ്ജി വിട്ട് അൽ ഹിലാലിലെത്തുമ്പോൾ ലഭിക്കുന്നത് ലോകത്ത് മറ്റൊരു സ്പോർട്സ് താരത്തിനും ലഭിക്കാത്തത്രയും മികച്ച ആഡംബര സൗകര്യങ്ങൾ. അൽഹിലാൽ ക്ലബ് താരത്തിനായി ഒരുക്കിയിരിക്കുന്നത് ഒരു രാജകുമാരന് ലഭിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ്.
ക്ലബ് നെയ്മർക്ക് പ്രതിവർഷം 100 മില്യൺ യൂറോയാണ് (904 കോടി രൂപ) പ്രതിഫലം ലഭിക്കുക. ഇതോടെ നെയ്മർ ഫുട്ബോൾ ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ്. പ്രതിഫലത്തിന് പുറമെ ആഡംബര സൗകര്യങ്ങൾ ഒരുക്കുകയും താരത്തിന്റെ എല്ലാ ചെലവുകളും ക്ലബ് വഹിക്കുകയും ചെയ്യും.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം നെയ്മർക്ക് സൗദി അറേബ്യയിൽ താരത്തിന് അത്യാഡംബര സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. താരത്തിന് സഞ്ചരിക്കാൻ വിമാനമടക്കമുള്ള സൗകര്യങ്ങളുണ്ട്. ആകാശ മാർഗം യാത്ര ചെയ്യാൻ സ്വകാര്യ വിമാനം, താമസിക്കാൻ 25 കിടപ്പറയുള്ള കൊട്ടാരസദൃശ്യമായ ബംഗ്ലാവ് എന്നിവയാണ് ഒരുക്കുന്നത്. ഒപ്പം 24 മണിക്കൂറും നെയ്മറിനെ സേവിക്കാനായി പരിചാരകരുടെ നീണ്ട നിരതന്നെയുണ്ടാകും.
സൗദിയിൽ റോഡ് മാർഗം സഞ്ചരിക്കാൻ ആഡംബര വാഹനങ്ങളായ ബെന്റ്ലി കോണ്ടിനെന്റൽ, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ്, ലംബോർഗിനി ഹുറാകാൻ തുടങ്ങിയ കാറുകളാണഒരുക്കിയിരിക്കുന്നത്. താരത്തിന്റെ ഹോട്ടൽ, റസ്റ്ററന്റ് ഉൾപ്പടെയുള്ള ചെലവുകളുടെ ബില്ലുകൾ ക്ലബ് സെറ്റിൽ ചെയ്യും.
കൂടാതെ നെയ്മർ സമൂഹമാധ്യമങ്ങളിൽ സൗദി അറേബ്യയുടെ പ്രചാരണത്തിനായി ചെയ്യുന്ന ഓരോ കാര്യത്തിനും 5,00,000 യൂറോ(451 കോടി രൂപ) വീതം നെയ്മറിന് നൽകും.
ബാഴ്സലോണ വിട്ട് ആറ് വർഷത്തെ കരാറിനാണ് നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെത്തിയത്. സൗദി ക്ലബിന്റെ വാഗ്ദാനം എത്തിയതോടെ കരാർ ഉപേക്ഷിച്ച് താരം ഏഷ്യയിലേക്ക് തിരിക്കുകയാണ്. നിലവിൽ 2025 വരെയാണ് നെയ്മറിന് കരാറുണ്ടായിരുന്നത്.
2017ൽ ലോക ഫുട്ബോളിലെ തന്നെ സർവകാല റെക്കോഡ് തുകയ്ക്കാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്. 243 മില്യൺ ഡോളറായിരുന്നു (2,019 കോടി രൂപ) ട്രാൻസ്ഫർ. 173 മത്സരങ്ങളിൽ പിഎസ്ജിക്കായി കളിച്ച നെയ്മർ 118 ഗോളുകൾ നേടിയിരുന്നു.
Discussion about this post