സിഡ്നി: നാലാം ടെസ്റ്റിലെ നാലാം ദിനവും സ്വന്തമാക്കി ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യയ്ക്കെതിരായ സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 300ന് പുറത്ത്. നാലാം ദിനം 300 റണ്‍സ് പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഓസ്ട്രേലിയയുടെ അവസാനത്തെ നാലു വിക്കറ്റുകളും വീണത്. തുടര്‍ന്ന് ഇന്ത്യ ഓസ്ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കുകയാണ്. മൂന്നാം ദിനം ആറിന് 236 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ് കളിയവസാനിപ്പിച്ചത്. വെളിച്ചക്കുറവും ഇന്ത്യയുടെ സ്പിന്‍ മികവും തിരിച്ചടിയായ ഓസ്ട്രേലിയയ്ക്ക് നാലാം ദിനം തുടക്കത്തില്‍ മഴയും വില്ലനായെത്തി.
മഴമൂലം ആദ്യ സെക്ഷന്‍ ഉപേക്ഷിച്ച് വൈകിയാരംഭിച്ച മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 25), പീറ്റര്‍ ഹാന്‍സ്കോംബ് (111 പന്തില്‍ 37), നാഥന് ലിയോണ്‍ (പൂജ്യം), ജോഷ് ഹെയ്സല്‍വുഡ് (45 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്കു നഷ്ടമായത്. 55 പന്തില്‍ 29 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.
ഉസ്മാന് ഖവാജ (71 പന്തില്‍ 27), മിച്ചല്‍ ഹാരിസ് (120 പന്തില്‍ 79), ഷോണ്‍ മാര്‍ഷ് (13 പന്തില്‍ 8), മാര്‍നസ് ലബുചഗ്നെ (95 പന്തില്‍ 38), ട്രാവിസ് ഹെഡ് (56 പന്തില്‍ 20), ടിം പെയ്ന് (14 പന്തില്‍ 5) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനം തന്നെ ഇന്ത്യ വീഴ്ത്തിയിരുന്നു.
സ്പിന്നര്‍മാരുടെ കൡളമായ സിഡ്നിയില്‍ കുല്‍ദീപ് യാദവ് ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജസ്പ്രീത് ബൂംറ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (77), രവീന്ദ്ര ജഡേജ (81) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
Discussion about this post