അബുദാബി: ടെസ്റ്റ് ക്രിക്കറ്റില്‍ അത്യപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് അത്യപൂര്‍വ്വ റെക്കോര്‍ഡ് പിറന്നത്. ടെസ്റ്റ് കരിയറില്‍ ഒറ്റ നോബോള്‍ പോലും എറിയാതെ 20000 പന്തെറിഞ്ഞു എന്ന റെക്കോര്‍ഡാണ് ലിയോണ്‍ സ്വന്തമാക്കിയത്.
തന്റെ കരിയറിനിടെ ഇതുവരെ ഒറ്റ തവണ പോലും നോ ബോള്‍ പോലും ഓസീസ് താരം എറിഞ്ഞിട്ടില്ല. ടെസ്റ്റ് ചരിത്രത്തില്‍ ഒറ്റ നോ ബോള്‍ പോലും എറിയാത്ത ആറാമത്തെ ബൗളറാണ് ലിയോണ്‍.
ഇന്ത്യയുടെ കപില്‍ ദേവ്, ഇയാന്‍ ബോതം, ഇമ്രാന്‍ ഖാന്‍, ഡെന്നിസ് ലില്ലി, ലാന്‍സ് ഗിബ്സ് എന്നിവരാണ് ഈ ചരിത്രനേട്ടത്തില്‍ ലിയോണിന്റെ മുന്‍ഗാമികള്‍.
പാകിസ്താന്റെ ഒന്നാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയതോടെ ഓസ്ട്രേലിയയുടെ നാലാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായും ലിയോണ്‍ മാറി. 316 വിക്കറ്റാണ് ലിയോണിന്റെ പേരിലുള്ളത്.
313 വിക്കറ്റെടുത്തിട്ടുള്ള മിച്ചല്‍ ജോണ്‍സണെയാണ് ലിയോണ്‍ മറികടന്നത്. ഷെയ്ന്‍ വോണ്‍(708), ഗ്ലെന്‍ മക്ഗ്രാത്ത്(563), ഡെന്നിസ് ലില്ലി(355) എന്നിവരാണ് ലിയോണിന്റെ മുന്നിലുള്ളത്. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സിലും ലിയോണ്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.