സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് പൊരുതി നോക്കാനായി ഇനിയും വേണം 386 റണ്‍സ്. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം മത്സരം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഓസീസ് സ്‌കോര്‍ 236ല്‍ നില്‍ക്കെയാണ് കളി അവസാനിപ്പിച്ചത്. മൂന്നാം ദിനം ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ആതിഥേയരുടെ അടിതെറ്റിയെങ്കിലും തിരിച്ച് വരവിനുള്ള കഠിന ശ്രമത്തിനിടെയാണ് അപ്രതീക്ഷിതമായി വെളിച്ചക്കുറവ് നേരിട്ടത്.
നിലവില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന നിലയിലാണ്. 28 റണ്‍സുമായി പീറ്റര്‍ ഹാന്റ്‌സ്‌കോമ്പും 25 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസിലുള്ളത്.
സ്‌കോര്‍ 198 റണ്‍സില്‍ നില്‍ക്കെ ആറാമനായി നായകന്‍ ടിം പെയിനും മടങ്ങിയതോടെ പ്രതിരോധത്തിലായ ഓസീസിന് വേണ്ടി ഇരുവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് മൂന്നും ജഡേജ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.