അഹമ്മദാബാദ്: രണ്ടുമാസം നീണ്ട ഐപിഎൽ മത്സരങ്ങൾക്ക് അവസാനമായിരിക്കുകയാണ്. ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ഫൈനലാണ് അവസാനിച്ചിരിക്കുന്നത്. മഴ കളിച്ചതോടെ ഞായറാഴ്ച ആരംഭിച്ച ചെന്നൈ-ഗുജറാത്ത് ഫൈനൽ മത്സരത്തിൽ വിജയിയെ കണ്ടെത്തിയത് ചൊവ്വാഴ്ച പുലർച്ചെയോടെ.
പതിനാറാം ഐപിഎൽ സീസൺ കിരീടം പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ വന്ന എംഎസ് ധോണിയും കൂട്ടരും കൈയ്യടക്കിയെന്നാണ് കടുത്ത ആരാധകർ പോലും പറയുന്നത്. പ്രതിഭകളുടെ അതിപ്രസരമില്ലാതിരുന്നിട്ടും താരങ്ങളുടെ ശരാശരി പ്രകടനത്തെ ശരിയായ സമയത്ത് ഉപയോഗിച്ചാണ് നായകൻ ധോണി വിജയത്തിലേക്ക് എത്തിച്ചത്. സ്‌കോർബോർഡിലേക്ക് കാര്യമായ സംഭാവന നൽകാതിരുന്നിട്ടും ഇത് ധോണിയുടെ വിജയമാണ് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ കൃത്യമായ പ്ലാനിംഗ് ഒന്നുകൊണ്ട് തന്നെയാണ്.
ഇത്തവണ പതിവിന് വിപരീതമായി കിരീടനേട്ടം ആഹ്ലാദത്തോടെ ആഘോഷമാക്കുന്ന ധോണിയെയാണ് കാണാനായത്. അമിത സന്തോഷം കാണിക്കാത്ത ധോണി, അവസാന പന്തിൽ ബൗണ്ടറി കടത്തി വിജയം ഉറപ്പാക്കിയ ജഡേജ ഓടിയെത്തിയപ്പോൾ വാരിപ്പുണർന്നത് ആരാധകർക്ക് അവിസ്മരണീയ നിമിഷമായി. ഇരുവരുടെയും സെലിബ്രേഷൻ അണ്ണന്-തമ്പി ആഘോഷമെന്നാണ് ആരാധകരും വിശേഷിപ്പിക്കുന്നത്.
അവസാന ഓവറിലെ നിർണായകമായ പന്തുകൾ എറിയാനിരിക്കെ ഡഗൗട്ടിൽ കണ്ണടച്ച് ഇരിക്കുകയായിരുന്നു ക്യാപ്റ്റൻ. ജഡേജയുടെ ബാറ്റിൽ നിന്നും വിജയ റൺസുതിർന്നതിന് ശേഷമാണ് താരം കൺതുറന്നത്. പിന്നെ കണ്ടത് ടീമിനെ വിജയിപ്പിച്ച ജഡേജയെ എടുത്തുയർത്തുന്ന ധോണിയെയാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് അടിച്ചുകൂട്ടിയാണ് കളം വിട്ടത്. മഴ കളി തടപ്പെടുത്തിയതോടെ 15 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 171 റൺസായി കുറയ്ക്കുകയും ചെയ്തു. ത്രില്ലിംഗ് മത്സരത്തിൽ വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ട് പന്തുകളിൽ ജയിക്കാൻ 10 റൺസായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശർമയുടെ പന്തുകളിൽ സിക്സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ വിജയം ചെന്നൈയുടേതാക്കി.
ഹോം ഗ്രൗണ്ടിലെ തോൽവിയുടെ നിരാശയിലായിരുന്നു ഈ സമയം ഹാർദിക്കും സംഘവും. ഈ കിരീടനേട്ടത്തോടെ ഏറ്റവുമധികം ഐപിഎൽ കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യൻസിന്റെ അഞ്ച് കപ്പ് റെക്കോഡിനൊപ്പം ധോണിയും കൂട്ടരുമെത്തി,
കിരീടം ഏറ്റുവാങ്ങാനെത്തിയ ധോണിയും കീഴ് വഴക്കങ്ങളെ ലംഘിക്കുന്നതാണ് കണട്ത്. തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ച ജഡേജയെയും അവസാന സീസൺ കളിച്ച അമ്പാട്ടി റായ്ഡുവിനെയും അദ്ദേഹം കിരീടം ഏറ്റുവാങ്ങാൻ ക്ഷണിച്ചു. തുടർന്ന് കിരീടം നൽകുന്ന സമയത്ത് ഒരു വശത്തേക്ക് മാറി നിന്ന ധോണി സഹതാരങ്ങളുടെ വിജയത്തെ നോക്കി നിന്ന് ആസ്വദിക്കുന്നതും മനോഹരമായ കാഴ്ചയായി.
Discussion about this post