ഒഡെന്‍സെ (ഡെന്‍മാര്‍ക്ക്): ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍ 21-15, 21-17 എന്നിങ്ങനെയായിരുന്നു.
യമാഗൂച്ചിക്കെതിരേ എട്ടുതവണ മത്സരിച്ചിട്ടും സൈന നേടുന്ന രണ്ടാമത്തെ വിജയം മാത്രമാണിത്. ആറു തവണയും ജപ്പാന്‍ താരത്തിനായിരുന്നു വിജയം. യൂബര്‍ കപ്പിലും മലേഷ്യന്‍ ഓപ്പണിലുമാണ് ഈ അടുത്ത് ഇതിനു മുന്‍പ് ഇരുവരും ഏറ്റുമുട്ടിയത്. രണ്ടു തവണയും വിജയം യമാഗൂച്ചിക്കായിരുന്നു. ക്വാര്‍ട്ടറിലെ സൈനയുടെ എതിരാളി ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയാണ്.
അതേസമയം ക്വാര്‍ട്ടറില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മയും ഏറ്റുമുട്ടും. രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനും അഞ്ചു തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ലിന്‍ ഡാനെ തോല്‍പ്പിച്ചാണ് കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ ഗെയിം നഷ്ടമായ ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ ശ്രീകാന്ത് 18-21, 21-17, 21-15 എന്ന സ്‌കോറിലാണ് ലിന്‍ ഡാനെ മറികടന്നത്. ലിന്‍ ഡാനുമായി അഞ്ചു തവണ ഏറ്റുമുട്ടിയതില്‍ ശ്രീകാന്തിന്റെ രണ്ടാമത്തെ വിജയമാണിത്.
ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയാണ് ശ്രീകാന്തിന്റെ എതിരാളി. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ജൊനാതന്‍ ക്രിസ്റ്റിയെയാണ് സമീര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 23-21, 6-21, 22-20.
Discussion about this post