സിഡ്‌നിയില്‍ 662ന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; ശക്തമായ നിലയില്‍; ഇരട്ടസെഞ്ച്വറി നഷ്ടമായെങ്കിലും പൂജാരയ്ക്കിത് മധുരപ്രതികാരം!

സിഡ്‌നി: നിര്‍ണ്ണായകമായ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശക്തമായ നിലയില്‍. 662/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ രണ്ടാം ദിനം ഓസീസിനെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. ചേതേശ്വര്‍ പൂജാരയുടെയും ഋഷഭ് പന്തിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. 159 റണ്‍സിന് പുറത്താകാതെ നിന്ന ഋഷഭിന്റെയും ഇരട്ടസെഞ്ച്വറി പടിവാതിലില്‍ നഷ്ടമായ പൂജാര(193)യുടേയും ഇന്നിങ്‌സ് ഇന്ത്യയ്ക്ക് ചിലപ്പോള്‍ ചരിത്ര നേട്ടമായിരിക്കാം സമ്മാനിക്കാനിരിക്കുന്നത്.

അതേസമയം, ടീമില്‍ സ്ഥിരാംഗമായതിന് ശേഷം ചേതേശ്വര്‍ പൂജാര ആദ്യമായി ടീം ഇന്ത്യയില്‍ നിന്നും പുറത്താകുന്നത് സിഡ്നിയില്‍ വെച്ചായിരുന്നു. കഴിഞ്ഞ ഓസ്ട്രേലിയന് പര്യടനത്തിലെ സിഡ്നിയില്‍ വെച്ച് നടന്ന നാലാം ടെസ്റ്റിലായിരുന്നു പൂജാര ആദ്യമായി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായത്. മോശം പ്രകടനത്തെ ചൊല്ലിയായിരുന്നു പൂജാരയുടെ പടിയിറക്കം. അതുകൊണ്ടു തന്നെ സിഡ്‌നിയില്‍ മതിലുപോലെ ഇന്ത്യയ്ക്ക് വേണ്ടി ഉറച്ചു നിന്ന് വന്‍ സ്‌കോര്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച് പൂജാര മധുരപ്രതികാരം തീര്‍ത്തിരിക്കുകയാണ്.

ഒരു കാലത്ത്, വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട താരത്തിന് നേരെ വിമര്‍ശനങ്ങള്‍ നിരവധി ഉയര്‍ന്നതും, വിദേശമണ്ണിലെ പ്രകടനങ്ങളും സ്ട്രൈക്ക് റേറ്റും താരത്തെ തളര്‍ത്തി.

ഒപ്പം, മോശം ഫീല്‍ഡറാണ് തുടങ്ങിയ വിമര്‍ശനങ്ങളും ഉണ്ടായി. കോച്ച് രവി ശാസ്ത്രി ടീമിലെ ഏറ്റവും മികച്ച 5 ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി പോലും പൂജാരയെ പരിഗണിച്ചിരുന്നില്ല!.

എന്നാല്‍ ഒടുവില്‍ താന്‍ വീണു പോയ കളത്തില്‍ നിന്നു തന്നെ ഫീനിക്‌സ് പക്ഷിയായി ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ് പൂജാര.

ഇതിനിടെ, മഹാത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് സീരീസ് ജയിക്കുമെന്നു തന്നെയാണ് ഉറപ്പ്. കോഹ്‌ലിക്ക് കീഴിലെ ഈ പടനിരയ്ക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടമായിരിക്കും ഇതെന്നതില്‍ സംശയമേതുമില്ല. എല്ലാറ്റിനും ടീം കടപ്പെട്ടിരിക്കുന്നത് ഈ വന്‍മതിലിന്റെ 193 റണ്‍സിനോടാണ്. കിട്ടാതെ പോയ ഏഴു റണ്‍സ് നമുക്ക് മറക്കാവുന്നതേയുള്ളൂ.

Exit mobile version