ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് താരം സഢ്ജു സാംസൺ അധികകാലം ദേശീയ ടീമിൽ ഉണ്ടായേക്കില്ലെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. ഇഷാൻ കിഷന്റെ ഡബിൾ സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്റെ മിന്നും ഫോമാണ് സഞ്ജു അടക്കമുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുടെ കരിയറിൽ കരിനിഴലായിരിക്കുന്നതെന്ന് ചേതൻ പ്രതികരിക്കുന്നുണ്ട്. ഒരു സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ അന്വേഷണമാണ് ചേതൻ ശർമയുടെ വെളിപ്പെടുത്തൽ പുറത്തെത്തിച്ചിരിക്കുന്നത്.
സഞ്ജു സാംസൺ, കെഎൽ രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ കരിയർ അപകടത്തിലാക്കുകയാണ് ഇഷാനും ഗില്ലും. സീനിയർ താരങ്ങളായ രോഹിത്, കോഹ്ലി തുടങ്ങിയവർക്ക് വിശ്രമം നൽകിയത് ടീമിൽ ശുഭ്മാൻ ഗില്ലിന് കൂടുതൽ അവസരം നൽകാൻ വേണ്ടിയാണെന്നും ചേതൻ ശർമ പറയുന്നുണ്ട്.
രോഹിത് ട്വന്റി 20യിൽ അധികകാലം ഉണ്ടാകില്ല. ഹാർദിക് പാണ്ഡ്യ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാകാൻ അധിക സമയമില്ലെന്നും ചേതൻ ശർമ പറഞ്ഞു. രോഹിതും കോലിയും തമ്മിൽ പിണക്കമില്ലെങ്കിലും ഇരുവരും തമ്മിൽ ഈഗോ പ്രശ്നങ്ങളാണ് ഉള്ളത്. ഇവർക്ക് ഇഷ്ടക്കാരായി ടീമിൽ ചില ആളുകളുണ്ട്.
കൂടാതെ, ദേശീയ ടീമിലെ ചില പ്രധാന താരങ്ങൾ ഫിറ്റ്നെസ് തെളിയിക്കുന്നതിനായി നിരോധിത ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. പരിശോധനയിൽ പിടിക്കപ്പെടാത്ത തരത്തിലുള്ള ഇത്തേജക മരുന്നുകളാണ് ഫിറ്റ്നസ് തെളിയിക്കാനായി ഇവർ ഉപയോഗിക്കുന്നതെന്നും ചേതൻ ശർമ പറയുന്നു.
കൂടാതെ, കോഹ്ലിയുടെ നായകസ്ഥാനം തെറിക്കാൻ കാരണം ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണെന്നും ഇരുവരും തമ്മിൽ അസ്വാരസ്യമുണ്ടെന്നും ചേതൻ ശർമ പറയുന്നുണ്ട്. ഗാംഗുലി കാരണമാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതെന്നാണ് കോഹ്ലി കരുതുന്നത്. ഗാംഗുലി പറയുന്നത് പലപ്പോഴും കോഹ്ലി അനുസരിക്കാൻ കൂട്ടാക്കിയില്ല. ടി-ട്വന്റി ലോകകപ്പിന് മുൻപായി രാജി പ്രഖ്യാപിച്ചപ്പോൾ കോഹ്ലിയോട് പദവി ഒഴിയതരുതെന്ന് ഗാംഗുലി നിർദേശിച്ചു. എന്നാൽ കോഹ്ലി കൂട്ടാക്കിയില്ലെന്നും ചേതൻ ശർമ പറഞ്ഞു.