ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കറെ ഇന്ത്യയ്ക്ക് സമ്മാനിച്ച വിഖ്യാത പരിശീലകന് രമാകാന്ത് അച്രേക്കര്‍ (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം.
ഇന്ത്യന്‍ ക്രിക്കറ്റിലെ കോച്ചിങ് ഇതിഹാസമായ അഛ്രേക്കര്‍, സച്ചിന് പുറമെ അജിത് അഗാര്‍ക്കര്‍, വിനോദ് കാംബ്ലി തുടങ്ങിയവരെയും പരിശീലിപ്പിച്ചിരുന്നു. ഒട്ടേറെ താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
സച്ചിന് എന്ന ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാനെ രൂപപ്പെടുത്തിയ പരിശീലനാണ് അദ്ദേഹം. ക്രിക്കറ്റിലെ തന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും ഗുരുവായ അഛ്രേക്കറാണെന്ന് സച്ചിന് ആവര്‍ത്തിക്കാറുണ്ടായിരുന്നു. 1990-ല്‍ ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. 2010-ല്‍ പത്മശ്രീ നല്‍കിയും രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ അച്രേക്കര്‍ നടത്തിയിരുന്ന ക്രിക്കറ്റ് അക്കാദമിയില്‍ നിന്നായിരുന്നു സച്ചിന് എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഉദയം. സഹോദരന് അജിത്താണ് സച്ചിനെ അച്രേക്കറുടെ അക്കാദമിലെത്തിക്കുന്നത്. അജിത്തിന്റെ നിരന്തരമായ അപേക്ഷയെത്തുടര്‍ന്നാണ് അഛ്രേക്കര്‍ സച്ചിനെ ശിഷ്യനായി സ്വീകരിച്ചത്. പിന്നീട് സച്ചിനിലെ പ്രതിഭ തിരിച്ചറിഞ്ഞ് ശാരദാശ്രം സ്കൂളിലേക്ക് മാറാന്‍ നിര്‍ദേശിച്ചതും അഛ്രേക്കറായിരുന്നു.
Discussion about this post