ഇന്ത്യ ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാനത്തേയും നാലാമത്തേയുമായ മത്സരം നാളെ മുതലാണ് ആരംഭിക്കുക. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കായുള്ള പരമ്പരയില്‍ നിലവില്‍ 2-1ന് ഇന്ത്യ മുന്നിട്ടു നില്‍ക്കുകയാണ്. പരമ്പര കൈവിടാതിരിക്കാന്‍ അതുകൊണ്ടു തന്നെ ആതിഥേയര്‍ക്ക് ജയത്തില്‍ കുറഞ്ഞതൊന്നും സിഡ്നിയില്‍ പ്രതീക്ഷിക്കാനാകില്ല. ഇന്ത്യക്കാകട്ടെ ഒരു സമനില ദൂരത്തിലാണ് ആസ്ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം.
പരമ്പരയിലെ നിര്‍ണ്ണായക ടെസ്റ്റ് എന്നതിനൊപ്പം സിഡ്നിയിലെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുതുവര്‍ഷത്തില്‍ സിഡ്നി സ്റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ‘ദ പിങ്ക് ടെസ്റ്റ്’ എന്നാണറിയപ്പെടുന്നത്. 2009ല്‍ ആസ്ട്രേലിയ സൗത്ത് ആഫ്രിക്ക പരമ്പരയോടെയാണ് പിങ്കി ടെസ്റ്റിന് സിഡ്നിയില്‍ തുടക്കമാവുന്നത്.
ഇതിന് പിന്നില്‍ പവിത്രമായ, നൊമ്പരപ്പെടുത്തുന്നൊരു കാരണം കൂടിയുണ്ട്. മുന്‍ ആസ്ത്രേലിയന്‍ ഇതിഹാസമായ ഗ്ലെന്‍ മഗ്രാത്തിന്റെ അന്തരിച്ച ഭാര്യ ജെയിന് മഗ്രാത്തിനോടുള്ള ആദരവായും, അവരുടെ ‘മഗ്രാത്ത് ഫൗണ്ടേഷനു’ വേണ്ടിയുള്ള ധനസമാഹരണാര്ഥവുമാണ് പിങ്ക് ടെസ്റ്റ് നടക്കുന്നത്.
സ്തനാര്‍ബുദം ബാധിതയായിരുന്ന ജെയിന്, 2005ല്‍ രോഗമുക്തി നേടിയ ശേഷമാണ് ‘മഗ്രാത്ത് ഫൗണ്ടേഷന്’ രൂപം നല്‍കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ജെയിന് വിട പറഞ്ഞെങ്കിലും, ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മഗ്രാത്ത് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. രാജ്യത്താകെയുള്ള സ്തനാര്‍ബുദ ബാധിതരെ സഹായിക്കുന്നതിനും, അവരുടെ വിദ്യഭ്യാസ ചെലവുകള്‍ക്കു വേണ്ടിയുമാണ് മഗ്രാത്ത് ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്.
സ്തനാര്‍ബുദത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനും, ശുശ്രൂഷിക്കുന്നതിനുമായി ‘മഗ്രാത്ത് ബ്രെസ്റ്റ് കെയര്‍ നേഴ്സസ്’ എന്ന കൂട്ടായ്മയും ഇതിനു കീഴിലുണ്ട്. നിലവില്‍ ആസ്ത്രേലിയയുടെ വിവിധയിടങ്ങളിലായി 67000 അര്‍ബുദ ബാധിതരായ കുടുംബങ്ങളെ പരിചരിച്ചു കൊണ്ട് 120ഓളം ‘ബ്രെസ്റ്റ് കെയര്‍ നേഴ്സസ്’ കൂട്ടായ്മകളുണ്ട്.
സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം ‘ജെയിന് മഗ്രാത്ത് ഡേ’ എന്നാണ് അറിയപ്പെടുന്നത്. അന്നേ ദിവസത്തെ വരുമാനം മുഴുവന്‍ ഫൗണ്ടേഷനിലേക്കാണ് പോകുന്നത്. സ്റ്റേഡിയം മുഴുവന്‍ പിങ്ക് അണിയുന്നതിന് പുറമെ, ആദര സൂചകമായി കളിക്കാരും അവരുടെ ടെസ്റ്റ് ജേഴ്സിയില്‍ പിങ്ക് നിറം അണിയും. പുറമെ ബാറ്റിലും, സ്റ്റംപിലും പിങ്ക് സ്റ്റിക്കറുകള്‍ പതിപ്പിക്കും.
Discussion about this post