ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ഹാഷിം അംല ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു. രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന ക്രിക്കറ്റ് കരിയറാണ് 39 കാരനായ അംല അവസാനിപ്പിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം കൗണ്ടി ക്രിക്കറ്റില്‍ സജീവ സാന്നിധ്യമായിരുന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്ക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്.
കഴിഞ്ഞ കൗണ്ടി സീസണില്‍ സറേയെ ചാമ്പ്യന്മാരാക്കിയതില്‍ അംല വലിയ പങ്കാണ് വഹിച്ചത്. ഒരിക്കല്‍ കൂടി ടീമിലേക്ക് ഇല്ലെന്ന് അംല പ്രഖ്യാപിച്ചതോടെയാണ് താരത്തിന്റെ വിരമിക്കല്‍ ഉറപ്പിച്ചത്. എല്ലാ പ്രൊഫഷണല്‍ ഫോര്‍മാറ്റിലുമായി 34104 റണ്‍സ് അംല നേടിയിട്ടുണ്ട്. ഇതില്‍ 18672 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് അംല. 2004-2019 വരെ നീണ്ട് നിന്ന ടെസ്റ്റ് കരിയറില്‍ 24 മത്സരങ്ങളില്‍ നിന്ന് 9282 റണ്‍സുകളും 28 സെഞ്ച്വറികളുമാണ് അംല നേടിയത്. 181 ഏകദിനങ്ങളില്‍ 49.46 ശരാശരിയില്‍ 27 സെഞ്ചുറികളോടെ 8113 റണ്‍സും 44 രാജ്യാന്തര ട്വന്റി 20കളില്‍ 33.60 ശരാശരിയില്‍ 1277 റണ്‍സും അംല നേടി.
ഏറ്റവും വേഗത്തില്‍ 25 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമാണ് അംല.അതേസമയം ദക്ഷിണാഫ്രിക്കന്‍ ട്വന്റി ട്വന്റി ലീഗില്‍ എംഐ കേപ്ടൗണിന്റെ ബാറ്റിംഗ് പരിശീലകനായി അംല എത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചായി താരം എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി ഹാഷിം അംല കളിച്ചിട്ടുണ്ട്.