പാരീസ്: ലോകകപ്പിന് ശേഷം പിഎസ്ജിയില്‍ പരിശീലനത്തിനായി തിരിച്ചെത്തിയതിന് പിന്നാലെ ക്ലബ് വിടുമെന്ന ഭീഷണിയുമായി ഫ്രഞ്ച് സൂപ്പര്‍താരം കീലിയന്‍ എംബാപ്പെ. പിഎസ്ജിയില്‍ തുടരാനായി മൂന്ന് പ്രധാനപ്പെട്ട നിബന്ധനകള്‍ ആണ് എംബാപ്പെ നിര്‍ദേശിച്ചിരിക്കുന്നത്.
ബ്രസീല്‍ നായകന്‍ നെയ്മര്‍ ജൂനിയറിനെ പിഎസ്ജിയില്‍നിന്ന് പുറത്താക്കണമെന്നാണ് പ്രധാനപ്പെട്ട നിബന്ധന. കൂടാതെ പരിശീലകനായി ഫ്രഞ്ച് സൂപ്പര്‍താരം സിനദിന്‍ സിദാനെ കൊണ്ടുവരണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്. നിലവിലെ പിഎസ്ജി മാനേജര്‍ ക്രിസ്റ്റോഫ് ഗാല്‍റ്റിയറെ ഒഴിവാക്കണമെന്ന് എംബാപ്പെ കതുറന്നടിച്ചെന്നാണ് സ്പാനിഷ് മാധ്യമത്തിലെ റിപ്പോര്‍ട്ട്.
എംബാപ്പെ ക്ലബ് വിട്ടേക്കുമെന്നും വരാനിരിക്കുന്ന സീസണില്‍ റയല്‍ മാഡ്രിഡില്‍ ചേരുമെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എംബാപ്പെ ക്ലബില്‍ തുടരാനായി നെയ്മറെ വില്‍ക്കുകയും സിദാനെ എത്തിക്കുകയും വേണം. കൂടാതെ, മൂന്നാമത്തെ ആവശ്യമായി ഇംഗ്ലണ്ട് ടീം നായകന്‍ ഹാരി കെയ്‌നെ ക്ലബില്‍ എത്തിക്കണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, എംബാപ്പെ പിഎസ്ജിയില്‍ എത്തിയിട്ട് ഇതുവരെ ടീമിന് ചാംപ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല. ചാംപ്യന്‍സ് ലീഗ് കിരീടമില്ലാത്തത് വലിയ പോരായ്മ ആയിട്ടാണ് എംബാപ്പെ കരുതുന്നത്. അത് ഒഴിവാക്കുന്നതിനാണ് സിദാനെ കൊണ്ടുവരണമെന്ന് എംബാപ്പെ ആവശ്യപ്പെടുന്നത്.
2024-2025 സീസണ്‍ വരെയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഈ സീസണിന് വേണ്ടി കരാര്‍ പുതുക്കിയ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പിഎസ്ജി മാനേജ്‌മെന്റ് പരാജയപ്പെട്ടതായി എംബാപ്പെയ്ക്ക് പരാതിയുണ്ട്.
Discussion about this post