ലോകചാമ്പ്യന്മാര്‍ രണ്ടാമത്; ഫിഫ റാങ്കിങില്‍ നമ്പര്‍ വണ്‍ സ്ഥാനത്ത് ബ്രസീല്‍ തന്നെ; ചരിത്രം കുറിച്ച് മൊറോക്കോ

ലോകകപ്പ് വിശ്വകിരീടം ചൂടിയിട്ടും ഫിഫ റാങ്കിങില്‍ അര്‍ജന്റീന രണ്ടാമത്. ക്വാര്‍ട്ടര്‍ കടന്നില്ലെങ്കിലും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ബ്രസീല്‍ ഉറപ്പിച്ചു. റാങ്ക് പട്ടിക പുതുക്കുന്നതിന് മുന്‍പും ബ്രസീല്‍ ഒന്നാംസ്ഥാനത്ത് തന്നെയായിരുന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു അര്‍ജന്റീന.

ഒരു സ്ഥാനം കടന്ന് ഫ്രാന്‍സ് മൂന്നാം സ്ഥാനത്തേക്കുമെത്തി. ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെല്‍ജിയം ലോകകപ്പിലെ മോശം പ്രകടനത്തോടെ രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. നിലവില്‍ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതര്‍ലന്‍ഡ്സ് ആറാം സ്ഥാനത്തുമാണ്.

റാങ്കിങ്ങില്‍ വന്‍ കുതിപ്പുണ്ടാക്കിയത് ക്രൊയേഷ്യയാണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ക്രൊയേഷ്യ അഞ്ചു സ്ഥാനം മുന്നോട്ട് കടന്ന് ഏഴിലെത്തി. ലോകകപ്പ് യോഗ്യത ഇല്ലാതിരുന്ന ഇറ്റലി എട്ടിലെത്തി. പോര്‍ച്ചുഗല്‍ ഒന്‍പതാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയാണ്. പ്രീക്വാര്‍ട്ടറില്‍ പുറത്തായ സ്പെയിനാണ് 10ാം സ്ഥാനത്ത്.

അതേസമയം, ലോകകപ്പില്‍ അവിശ്വസനീയമായ കുതിപ്പ് നടത്തിയ സെമിയില്‍ പുറത്തായ മൊറോക്കോ ആദ്യമായി ലോക റാങ്കിങില്‍ 11ാം സ്ഥാനത്തെത്തി. ബ്രസീലിനെ ലോകകപ്പില്‍ അട്ടിമറിച്ച കാമറൂണ്‍ പത്ത് സ്ഥാനം മെച്ചപ്പെടുത്തി 33-ാം സ്ഥാനത്തേക്കാണ് എത്തിയത്.

also read- അര്‍ജന്റീനയോട് കടുത്ത ആരാധന; 200 കിലോ മത്തി സൗജന്യമായി വാരിക്കൊടുത്ത് മത്സ്യവ്യാപാരി സെയ്തലവി!

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബെല്‍ജിയത്തെ താഴ്ത്തി ബ്രസീല്‍ റാങ്കിങ്ങില്‍ ഒന്നാമതായത്. ഇതിനുശേഷം മാസങ്ങളായി പോയിന്റ് പട്ടികയില്‍ പുലര്‍ത്തുന്ന മേധാവിത്വം ലോകകപ്പിലെ ക്വാര്‍ട്ടര്‍ തോല്‍വിക്കുശേഷവും ബ്രസീല്‍ തുടരുകയാണ്.

Exit mobile version