ദോഹ: ഖത്തര്‍ ലോകകപ്പില്‍ കിരീടം കൈവിട്ടെങ്കിലും ഫ്രഞ്ച് പടയുടെ ഹീറോ ആയിരിക്കുകയാണ് കിലിയന്‍ എംബാപ്പെ. എല്ലാം അവസാനിച്ചിടത്തുനിന്നും മത്സരം തിരിച്ചുപിടിച്ച് രണ്ട് ഗോളുകള്‍ നേടിയ എംബാപ്പെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്.
അര്‍ജന്റീനയുടെ ലോകകപ്പ് കിരീടത്തിലേക്കുള്ള ദൂരം കൂട്ടിയത് കിലിയന്‍ എംബാപ്പയെന്ന തോല്‍ക്കാന്‍ മനസ്സില്ലാത്ത ഫ്രഞ്ച് പോരാളിയാണ്.
80 മിനിട്ടിലും ചിത്രത്തിലില്ലാത്തയാള്‍. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ അര്‍ജന്റീനയുടെ മേല്‍ രണ്ട് തവണ ഇടിത്തീയായി പതിച്ചു. ട്വിസ്റ്റുകള്‍ നിറഞ്ഞ ഫൈനലില്‍ ഷൂട്ടൗട്ട് വരെ മത്സരം നീട്ടിയത് എംബാപ്പെയാണ്.
എട്ട് ഗോളുകളുമായി ലോകകപ്പിലെ ടോപ് സ്‌കോററിനുള്ള സുവര്‍ണ പാദുകവുമായാണ് എംബാപ്പെയുടെ മടക്കം. 2018 ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരെ എംബാപ്പെ ഇരട്ടഗോള്‍ നേടിയിരുന്നു. ലോകകപ്പിലെ ആകെ ഗോളുകള്‍ 12. 23 വയസ്സ് മാത്രമുള്ള എംബാപ്പെ പിഎസ്ജിയില്‍ മെസിയുടെ സഹതാരമാണ്.
മെസ്സി – റൊണാള്‍ഡോ യുഗം അവസാനിക്കുന്ന ഘട്ടത്തില്‍ ലോക ഫുട്ബോള്‍ ഇനി ഇയാള്‍ക്ക് ചുറ്റും കറങ്ങുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. അത് ശരിവെയ്ക്കുന്നതായിരുന്നു അയാളുടെ പ്രകടനവും.
ലോകകപ്പിലെ മികച്ച കളിക്കാരന് ലഭിക്കുന്ന ഗോള്‍ഡന്‍ ബോള്‍ രണ്ടു തവണ കരസ്ഥമാക്കുന്ന ആദ്യതാരമായി മെസി മാറി. 2014ല്‍ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനി ജേതാക്കളായപ്പോള്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം മെസിക്കായിരുന്നു. ഖത്തര്‍ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് സൂചന നല്‍കിയ മെസി ലോകകപ്പും ഗോള്‍ഡന്‍ ബോളും കരസ്ഥമാക്കിയാണ് ഖത്തറില്‍ നിന്ന് പടിയിറങ്ങുന്നത്.അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസിന് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരവും അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിന് യുവ കളിക്കാരനുളള അവര്‍ഡും ലഭിച്ചു.