ജൂലിയന്‍ അല്‍വാരസ്… ഏത് പേമാരിക്കാലത്തും തകരാത്ത ക്രൊയേഷ്യയുടെ ഉരുക്കുകോട്ട തകര്‍ത്ത 22കാരനാണ് ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചത്. ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ എത്തിയിരിക്കുകയാണ് ജൂലിയന്‍ അല്‍വാരസ്. ക്രൊയേഷ്യക്കെതിരായ ഇരട്ട ഗോളോടെ ആകെ ഗോള്‍ നേട്ടം നാലായി. ലയണല്‍ മെസിക്കും എംബാപ്പെക്കും പിന്നില്‍ മൂന്നാമതാണ് ഇപ്പോള്‍ അല്‍വാരസ്.
34-ാം മിനുട്ടില്‍ അര്‍ജന്റീനക്കായി നായകന് മെസി ആദ്യ പെനാല്‍റ്റി എടുക്കുമ്പോള്‍ അതിന് വഴിവെച്ചത് അല്‍വാരസിന്റെ മുന്നേറ്റമാണ്. പന്തുമായി ഒറ്റക്ക് കുതിച്ച അല്‍വാരസിനെ ബോക്സില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോളി ലിവാക്കോവിച്ച് വീഴ്ത്തി. ഗോളിക്ക് മഞ്ഞക്കാര്‍ഡ് വിധിച്ച റഫറി ഒപ്പം പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. പെനാല്‍റ്റി എടുത്ത മെസ്സി ഉഗ്രന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
39ാം ആം മിനുട്ടില്‍ വീണ്ടും ജൂലിയന്‍ അല്‍വാരസ് ക്രൊയേഷ്യന്‍ ഡിഫന്‍സ് തകര്‍ത്തു. മെസിയുടെ പാസിങ്ങില്‍ നിന്നും അല്‍വാരസ് ഗോളിലേക്ക്. പിന്നീട് ലോകം ആര്‍ത്തുല്ലസിക്കുകയായിരുന്നു. അങ്ങനെയാണ് സാക്ഷാല്‍ മെസിയും ആ യുവതാരത്തെ ചേര്‍ത്തുപിടിച്ചത്. ലോകകപ്പിലൂടെ ജൂലിയന്‍ അല്‍വാരസ് മനംകവരുമ്പോള്‍ അയാളുടെ ‘മെസി’ എന്ന സ്വപ്നംകൂടി പൂവണിഞ്ഞു.
12ാം വയസില്‍ കടുത്ത ആരാധകരെ പോലെ മെസിയ്ക്കൊപ്പം ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം. ഒരു ഇന്റര്‍വ്യൂവിന് ഇടയിലായിരുന്നു ഈ ആഗ്രഹം അയാള്‍ തുറന്നുപറഞ്ഞത്. ‘എന്താണ് നിങ്ങളുടെ ആഗ്രഹം..?’ എന്ന ചോദ്യത്തിന് ‘ലോകകപ്പ് കളിക്കണം’ എന്ന് ഉത്തരം നല്കി. ആരാണ് മാതൃക എന്ന ചോദ്യത്തിന് പിന്നാലെ മറുപടി ‘മെസി’ എന്നായിരുന്നു. ബാര്‍സിലോണയില്‍ കളിക്കണമെന്നായിരുന്നു അല്‍വാരിസിന്റെ ആഗ്രഹം. പത്തു വര്‍ഷത്തിനിപ്പുറം ലോകം കണ്ടത് ആ പയ്യനെ മെസി ചേര്‍ത്തുപിടിക്കുന്ന കാഴ്ച. സ്വപ്ന സാക്ഷാത്കാര നിമിഷമായിരുന്നു അല്‍വാരിസിന് ആ നിമിഷം.
Things came full circle for Julián Álvarez 🙏
“What’s your dream in football?”
“Play in a World Cup.”
“Who’s your idol?”
“Messi.”🎥: @RobertoRojas97 pic.twitter.com/kosGLtfj9W
— 𝐓𝐡𝐞 𝐒𝐩𝐨𝐫𝐭𝐢𝐧𝐠 𝐍𝐞𝐰𝐬 (@sportingnews) December 13, 2022
2000ത്തിലെ ജനുവരി 31നാണ് അല്‍വാരസ് ജനിച്ചത്. ഇപ്പോള്‍ വയസ് 22. അര്‍ജന്റീനയിലെ കാല്‍ചിന്‍ ആണ് സ്വദേശം. 2018 മുതല്‍ 2021 വരെ റിവര്‍ പ്ലേറ്റിലൂടെ അല്‍വാരിസ് സജീവമായി. പിന്നീട് മാന്‍ചെസ്റ്റര്‍ സിറ്റിയില്‍ ഫോര്‍വേഡറായി പ്രീമിയര്‍ ലീഗിലും നിറസാന്നിധ്യം. പിന്നീട് അര്‍ജന്റീനയുടെ ദേശീയ ടീമിലുമെത്തുകയായിരുന്നു.
കോപ്പ അമേരിക്കയില്‍ അംഗമായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാണ് മെസിക്കൊപ്പം കളിക്കുക എന്ന വലിയ സ്വപ്നം അല്‍വാരസ് സാധിച്ചെടുത്തത്. 2021ലാണ് ഇയാള്‍ സീനിയര്‍ ടീമിനായി കളിച്ചത്. അന്ന് 16 മത്സരങ്ങളിലായി അഞ്ചുഗോളുകള്‍ നേടി.
അര്‍ജന്റീന എന്നാല്‍ മെസി എന്നുപറയുന്നവര്‍ക്ക് ഇനി ഒരു പേരുകൂടി ചേര്‍ക്കാമെന്ന പോലെ ആവേശമായി മാറിയിരിക്കുകയാണ് ഈ യുവതാരം. മിന്നിതിളങ്ങുന്ന ചിരിയും, ആവേശവുമായി ഇയാള്‍ ഇനിയും എത്തുമ്പോള്‍ അത് അര്‍ജന്റീനയുടെ കൂടി തിളക്കമാകുകയാണ്.
Discussion about this post