ദോഹ: ഖത്തര്‍ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സെമിയില്‍ എത്തിയിരിക്കുന്നത്. അവസാന നിമിഷം പോലും കിട്ടിയ അവസരങ്ങള്‍ തുലച്ചതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.
മത്സരം തുടങ്ങി പതിനേഴാം മിനിറ്റില്‍ തന്നെ മുന്നിലെത്തി ഫ്രാന്‍സ് കരുത്ത് കാണിച്ചെങ്കിലും പിന്നീട് പല അവസരങ്ങളും ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയതാണ് ഗോള്‍ മഴ വര്‍ഷിക്കാതെ പോവാന്‍ കാരണമായത്.
17ാം മിനിറ്റില്‍ ഒറേലിയിന്‍ ചൗമെനിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിന് തിരിച്ച് മറുപടി ലഭിച്ചത് ഹാരി കെയ്ന്‍ 54ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ്.
പിന്നാലെ 78ാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡിന്റെ ഗോളിലൂടെ വീണ്ടും ഫ്രാന്‍സ് മുന്നിലെത്തി. ഫ്രീകിക്കും പെനാല്‍റ്റിയുമടക്കം തുലച്ചതോടെ ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ പറങ്കിപ്പടയുടെ കണ്ണീര്‍: ആഫ്രിക്കന്‍ കരുത്തോടെ മൊറോക്കോ സെമിയില്‍
ആദ്യത്തെ പെനാല്‍റ്റി വലയിലെത്തിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ തന്നെയാണ് 84ാം മിനിറ്റില്‍ നിര്‍ണായകമായ പെനാല്‍റ്റി വലയ്ക്ക് മുകളിലൂടെ പറത്തിയത്.
ഇംഗ്ലണ്ട് ആരാധകര്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ഹാരിയുടെ പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തല്‍. മേസണ്‍ മൗണ്ടിനെ ഫൗള്‍ ചെയ്തതിനാണ് ഇംഗ്ലണ്ടിന് റഫറി പെനാല്‍റ്റി അനുവദിച്ചത്.