സാവോപോളോ: ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം നെയ്മറിന് ആശ്വാസവാക്കുകളുമായി ഫുട്ബോള്‍ ഇതിഹാസം പെലെ. ക്രൊയേഷ്യക്കെതിരെ വല കുലുക്കിയതോടെ ബ്രസീല്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി നെയ്മര്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു.
ക്രൊയേഷ്യക്കെതിരെ വല കുലുക്കിയതോടെ ബ്രസീല്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പുരുഷതാരമെന്ന റെക്കോര്‍ഡില്‍ നെയ്മര്‍ സാക്ഷാല്‍ പെലെയുടെ ഒപ്പമെത്തിയിരുന്നു. പക്ഷേ ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാവാതെ പുറത്തായതോടെയാണ് നെയ്മറിനെ തേടി മുന്‍ ബ്രസീല്‍ താരത്തിന്റെ ആശ്വാസവാക്കുകള്‍ എത്തിയത്.
നീ വളരുന്നത് ഞാന്‍ കാണുകയും നിനക്ക് വേണ്ടി സന്തോഷിക്കുകയും ചെയ്തു. ബ്രസീലിന് വേണ്ടിയുള്ള ഗോളുകളുടെ എണ്ണത്തില്‍ എനിക്കൊപ്പമെത്തിയതില്‍ അഭിനന്ദനങ്ങള്‍. ഈ നേട്ടം വെറും സംഖ്യകളേക്കാള്‍ എത്രയോ വലുതാണെന്ന് നമുക്ക് രണ്ടുപേര്‍ക്കും അറിയാം, എന്ന് 82-കാരനായ പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കായികതാരമെന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം എന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുന്നതാണ്. ഇന്നത്തെ താരങ്ങളെയും അടുത്ത തലമുറയെയും എന്നതിലുപരി നമ്മുടെ കളിയെ സ്നേഹിക്കുന്ന എല്ലാവരെയും പ്രചോദിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇത് നമുക്ക് സന്തോഷമുള്ള ദിവസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ബുദ ബാധിതനായി സാവോപോളോയിലെ ആശുപത്രിയില്‍ കഴിയുകയാണ് പെലെ.
’50 വര്‍ഷത്തോളം പഴക്കമുള്ളതാണ് എന്റെ റെക്കോര്‍ഡ്. പക്ഷേ ഇതുവരെ മറ്റാര്‍ക്കും അതിന്റെ അടുത്ത് പോലും എത്താന്‍ സാധിച്ചിട്ടില്ല. നിനക്ക് അവിടെ എത്താന്‍ സാധിച്ചു എന്നത് തന്നെയാണ് നിന്റെ ഏറ്റവും വലിയ നേട്ടം. നീ ഓരോ തവണ ഗോളടിക്കുമ്പോഴും സന്തോഷം അടക്കാനാകാതെ ഞാന്‍ വായുവിലേക്ക് പഞ്ച് ചെയ്തുകൊണ്ടേയിരിക്കാറുണ്ട്. ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുക നെയ്മറിനോടുള്ള സന്ദേശം പെലെ ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു.
ഇന്നലെ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി ബ്രസീല്‍ സെമി കാണാതെ പുറത്തായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് നിലവിലെ ബ്രസീല്‍ പരാജയമറിഞ്ഞത്. മത്സരത്തിന്റെ അധിക സമയത്ത് ഒരു ഗോളടിച്ച് നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ ബ്രൂണോ പെറ്റ്കോവിച്ചിന്റെ ലോങ്ങ് റേഞ്ചര്‍ ഗോള്‍ വഴങ്ങേണ്ടി വന്നു. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ബ്രസീല്‍ പുറത്താവുകയും ചെയ്തു.
തന്റെ അവസാന ലോകകപ്പ് ആയിരിക്കും ഖത്തറിലേതെന്ന് നെയ്മര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീല്‍ സെമി കാണാതെ പുറത്തായതോടെ പൊട്ടിക്കരഞ്ഞ നെയ്മറിന്റെ മുഖം ആരാധകര്‍ക്കെല്ലാം തീരാദുഃഖമായി മാറി.