തന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. പതിവായി നടത്താറുള്ള പരിശോധനകളാണ് നടത്തുന്നതെന്ന് പെലെ അറിയിച്ചു. എല്ലാവരും സമാധാനത്തോടെയും പോസിറ്റീവും ആയി ഇരിക്കണമെന്നും അദ്ദേഹം ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അര്‍ബുദത്തിന് ചികിത്സയിലുള്ള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്നും പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് പെലെയുടെ പ്രതികരണം.
‘സുഹൃത്തുക്കളേ, എല്ലാവരും സമാധാനമായും പോസിറ്റീവായും ഇരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ശക്തനാണ്. പതിവു ചികിത്സ തുടര്‍ന്നു വരുന്നു. എനിക്കു നല്കിയ പരിചരണത്തിന് മുഴുവന്‍ മെഡിക്കല്‍,നഴ്സിംങ് ടീമിനും നന്ദി പറയുന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും എനിക്ക് ലഭിക്കുന്ന സ്നേഹവും സന്ദേശവും എന്നെ ഊര്ജ്വസ്വലനാക്കുന്നു. ലോകകപ്പിലെ ബ്രസീലിന്റെ പോരാട്ടം കാണുക’ എന്നാണ് പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് 82 കാരനായ പെലെയെ സാവോപോളോയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ ആശങ്കയിലായിരുന്നു. 2021 ല്‍ പെലെയ്ക്ക് വന്‍കുടലില്‍ ട്യൂമര്‍ ബാധിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് തുടര്‍ ചികിത്സകള്‍ നടന്നു വരികയാണ്.
Discussion about this post