ദോഹ: ഖത്തര്‍ ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന പോര്‍ച്ചുഗല്‍-ഉറുഗ്വായ് മത്സരത്തിലെ ഗോളിനെ ചൊല്ലി സോഷ്യല്‍ മീഡിയയിലടക്കം വാക്കുതര്‍ക്കം. ഗോളടിച്ചത് ബ്രൂണോ ഫെര്‍ണാണ്ടസ് ആണെങ്കിലും ക്രിസ്റ്റിയാനോ രൊണാള്‍ഡോ ആഘോഷമാക്കിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 54-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ യുറുഗ്വായ്ക്കെതിരേ ഗോളടിക്കുകയായിരുന്നു. ആദ്യം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ ക്രിസ്റ്റ്യാനോയാണ് ഗോളടിച്ചത് എന്നാണ് കരുതിയിരുന്നത്. ഗോള്‍ അടിച്ചത് തന്റേതായ ശൈലിയില്‍ ക്രിസ്റ്റിയാനോ ആഘോഷമാക്കുകയും ചെയ്തു.
ഫിഫ ഗോളിന്റെ അവകാശം ക്രിസ്റ്റിയാനോയ്ക്ക് നല്‍കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റും ചെയ്തതോടെ സകലരും ആ ഗോള്‍ ക്രിസ്റ്റിയാനോയുടേതെന്ന് ഉറപ്പിച്ചു. എന്നാല്‍ ഗോള്‍ വീണ്ടും പുനഃപരിശോധിച്ചപ്പോഴാണ് ഗോളിന്റെ യഥാര്‍ത്ഥ ഉടമ ബ്രൂണോ ആണെന്ന് മനസ്സിലായത്.
സംഭവിച്ചത് ബ്രൂണോയുടെ ക്രോസിന് റൊണാള്‍ഡോ ഹെഡ്ഡ് ചെയ്യാന്‍ ശ്രമിച്ചത് പാളിയതാണെന്ന് വ്യക്തം. പന്ത് ക്രിസ്റ്റ്യാനോയുടെ തലയില്‍ തട്ടാതെ തന്നെ ഉറുഗ്വായ് വലയില്‍ കയറിയിരുന്നു.
ഇതോടെ ഫിഫ തെറ്റ് തിരുത്തി ഗോളിന്റെ അവകാശം ബ്രൂണോയ്ക്ക് ചാര്‍ത്തി കൊടുത്തു. അതേസമയം, ഗോളടിച്ചില്ലെന്ന് അറിഞ്ഞിട്ടും റൊണാള്‍ഡോ എന്തിന് അത് ആഘോഷിച്ചു എന്നത് ആരാധകര്‍ക്കിടയിലും രോഷം ഉണ്ടാക്കുകയാണ്.
Discussion about this post