കൊച്ചി: ഫുട്‌ബോള്‍ കമന്ററിയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ ഷൈജു ദാമോദരനെ എയറില്‍ കയറ്റി സോഷ്യല്‍മീഡിയ. കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡര്‍ ഉക്രെയ്നിയന്‍ താരം ഇവാന്‍ കലിയൂഷ്നിയുടെ പാദത്തില്‍ ചുംബിച്ചതാണ് ഷൈജുവിന് എതിരെ രോഷം ഉയരാന്‍ കാരണം. മുഴുവന്‍ മലയാളികള്‍ക്കായി ചുംബിച്ചതാണെന്ന പരാമര്‍ശമാണ് മലയാളികള്‍ക്ക് കലി വരാന്‍ കാരണമായിരിക്കുന്നത്.
‘ഇത് കേരളത്തിന്റെ മുഴുവന്‍ ഉമ്മയാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്‍ കലിയൂഷ്നിയുടെ കാല്‍പാദത്തില്‍ ചുംബിച്ചത്. കലിയൂഷ്‌നിയുമായി നടത്തിയ അഭിമുഖത്തിനിടെ ഷൈജു ദാമോദരന്‍ താരത്തിന്റെ ഇടതുകല്‍ തന്റെ മടിയില്‍ വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താരം അങ്ങനെ ചെയ്തതോടെ കാലില്‍ ചുംബിക്കുകയുമായിരുന്നു. ഇത് ഞാന്‍ തരുന്നതല്ല, കേരളത്തിലെ മുഴുവന്‍ ആരാധകരും തരുന്നതാണെന്നും ഈ സമയം ഷൈജു പറയുകയായിരുന്നു.
ഇത്തരത്തില്‍ പെരുമാറരുതെന്ന് പറഞ്ഞ് താരം കാല് പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ഷൈജു ചുംബിക്കുകയായിരുന്നു. ഷൈജു ദാമോദരന്‍ തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ കലിയൂഷ്നിയെ എകെ 47 തോക്കുമായി താരതമ്യം ചെയ്തതിനെ കുറിച്ചും അദ്ദേഹം താരത്തോട് പറയുന്നുണ്ടായിരുന്നു. അതേസമയം, കേരളത്തിലെ മുഴുവന്‍ ആരാധകരുടേതാണെന്നും പറഞ്ഞ് താരത്തിന്റെ കാലില്‍ ചുംബിച്ചത് സോഷ്യല്‍മീഡിയയ്ക്ക് അത്ര പിടിച്ചിട്ടില്ല.
സ്വന്തമായിട്ട് ചെയ്തത് സ്വയം ഏറ്റെടുത്താല്‍ മതിയെന്നും മുഴുവന്‍ മലയാളികളുടെ പേരില്‍ വേണ്ടെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന കമന്റുകള്‍. ഷൈജു ദാമോദരനെതിരെ നിറയെ ട്രോളുകളും പ്രചരിക്കുന്നുണ്ട്.
Discussion about this post